ദില്ലി: മരടിലെ ഫ്ലാറ്റുടമകളുടെ അവസാന അഭയം ഇനി സുപ്രീംകോടതിയാണ്. തുറന്ന കോടതിയിൽ ഹർജിയിൽ വാദം കേൾക്കണമെന്നാണ് മരടിലെ ഫ്ലാറ്റുടമകൾ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. സ്വന്തം വാദങ്ങൾ സുപ്രീംകോടതി കേട്ടിട്ടില്ലെന്നും, അതിനാൽ കേസ് തുറന്ന കോടതിയിൽ പരിഗണിച്ച് അതിനുള്ള അവസരം നൽകണമെന്നും ഫ്ലാറ്റുടമകൾ ആവശ്യപ്പെടുന്നു. അതേസമയം സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. 

മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് ഫ്ളാറ്റുടമകൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹര്‍ജി നൽകിയത്. തീരദേശ സംരക്ഷണ നിയമത്തിന്‍റെ ലംഘനം സുപ്രീംകോടതി പരിശോധിച്ചപ്പോഴും പിന്നീട് മൂന്നംഗ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചപ്പോഴുമൊന്നും സ്വന്തംഭാഗം പറയാനുള്ളത് കേട്ടില്ലെന്നാണ് ഫ്ളാറ്റുടമകളുടെ വാദം. തിരുത്തൽ ഹര്‍ജി തുറന്ന കോടതിയിൽ കേട്ട് അതിന് അവസരം നൽകണമെന്നാണ് ഫ്ളാറ്റുടമകൾ ആവശ്യപ്പെടുന്നു.

ഈമാസം 20-നകം ഫ്ളാറ്റുകൾ പൊളിച്ച് റിപ്പോര്‍ട്ട് നൽകാനാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അന്ത്യശാസനം. ഈ സാഹചര്യത്തിൽ തിരുത്തൽ ഹര്‍ജി പരിഗണിക്കാൻ കോടതി തയ്യാറാകുമോ എന്നത് വ്യക്തമല്ല. ഫ്ളാറ്റുകൾ പൊളിച്ച് 20-നകം റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും എന്ന് കോടതി താക്കീത് ചെയ്തിരുന്നതാണ്. ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്ന മുന്നറിയിപ്പും ഉണ്ട്. ഇക്കാര്യത്തിൽ സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്തയിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. തുഷാര്‍ മേത്തയുടെ ഉപദേശപ്രകാരമാണ് ഫ്ളാറ്റുകളിൽ നോട്ടീസ് പതിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാൻ നടപടികൾ തുടങ്ങി എന്ന് കാണിച്ച് റിപ്പോര്‍ട്ട് നൽകാനുമാണ് സര്‍ക്കാര്‍ നീക്കം.