Asianet News MalayalamAsianet News Malayalam

മാർട്ടിനായി തൃശ്ശൂരിൽ 'കാടിളക്കി' തെരച്ചിൽ, വനത്തിലെ ഒളിത്താവളം കണ്ടെത്തി, വീഡിയോ

തൃശ്ശൂരിൽ വനത്തിനുള്ളിലെ ഒളിത്താവളത്തിലാണ് മാർട്ടിൻ ജോസഫ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

flat sexual assault case martin joseph went on hiding at a forest in thrissur
Author
Kochi, First Published Jun 10, 2021, 3:47 PM IST

കൊച്ചി/ തൃശ്ശൂർ: ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിന് വേണ്ടി തൃശ്ശൂരിലെ വനത്തിനുള്ളിൽ വ്യാപകതെരച്ചിൽ നടത്തി പൊലീസ്. തൃശ്ശൂരിൽ വനത്തിനുള്ളിലെ ഒളിത്താവളത്തിലാണ് മാർട്ടിൻ ജോസഫ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

മാർട്ടിന് വേണ്ടി വ്യാപകമായ തെരച്ചിലാണ് പൊലീസ് തൃശ്ശൂർ, കോഴിക്കോട് ഭാഗങ്ങളിൽ നടത്തുന്നത്. മാർട്ടിൻ ഉണ്ടാകാൻ ഇടയുണ്ടെന്ന് വിവരം കിട്ടിയ എല്ലാ ഇടങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിർദേശപ്രകാരം വ്യാപകതെരച്ചിൽ നടക്കുന്നുണ്ട്. ഇന്നലെ മാര്‍ട്ടിന്‍റെ വീട്ടിലും പൊലീസ് സംഘം എത്തിയിരുന്നു. കേസ് ഉണ്ടാവുന്നതിന് മുമ്പേ തന്നെ വല്ലപ്പോഴും മാത്രമാണ് മാര്‍ട്ടിന്‍ വീട്ടില്‍ വരാറുള്ളൂവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. 

മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ്, ജൂൺ എട്ടാം തീയതി പുലർച്ചെ നാല് മണിയോടെ മാർട്ടിൻ ജോസഫ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ബാഗുകളോടെ രക്ഷപ്പെട്ടത്. ഇത് അയാളുടെ സുഹൃത്തിന്‍റെ ഫ്ലാറ്റാണ്. പൊലീസ് തൃശ്ശൂരിൽ വ്യാപകതെരച്ചിൽ നടത്തുമ്പോൾ മാർട്ടിൻ കൊച്ചിയിലെ കാക്കനാട്ടുണ്ടായിരുന്നു. 

ഇതിനിടെ മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് വന്നതോടെ മാർട്ടിനെ രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കാനും സഹായിച്ചവരെയാണ് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. ഇവർ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി വൈകാതെ പിടിയിലാകുമെന്ന് പൊലീസ് അറിയിക്കുന്നു.

നിലവിൽ പൊലീസിൽ പരാതി നൽകിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാർട്ടിൻ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്ലാറ്റിൽ കയറി വന്ന് മാർട്ടിൻ മ‍ർദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

മാർട്ടിൻ മനോരോഗിയാണെന്നും, ഇരകളെ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന തരം മനുഷ്യനാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. മാർട്ടിനെ ഉടനെ തന്നെ പിടികൂടാനാകുമെന്നും, അന്വേഷണം ഊർജിതമാണെന്നും എച്ച് നാഗരാജു വ്യക്തമാക്കുന്നു. 

കഴിഞ്ഞ മാർച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. 

യുവതിയുടെ ദേഹത്ത് പൊള്ളലേൽപ്പിച്ചതും മർദ്ദിച്ചതുമായ പാടുകളുണ്ടായിരുന്നു. കണ്ണൂർ സ്വദേശിനിയായ യുവതിക്ക് കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ  തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.  മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍  മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി  പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 

നഗ്ന വീഡിയോ ചിത്രീകരിച്ചു.  ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതും മാർട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേൽപ്പിച്ചു. ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കി. ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്ത് പോയപ്പോൾ യുവതി ഇറങ്ങിയോടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പോലീസിൽ പരാതി നൽകിയത് കഴിഞ്ഞ മാർച്ചിലാണ്. 

സംഭവത്തിൽ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ ചുമത്തി മാർട്ടിനെതിരെ പോലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പ്രതിയുടെ ഉന്നത  സ്വാധീനമാണ് കാരണം എന്നാണ്  ആരോപണം.

 

Follow Us:
Download App:
  • android
  • ios