തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ കരയോഗം ഭാരവാഹികള്‍ ഫ്ലക്സ്. നരുവാമൂട് നടുക്കാട് 2299-ാം നമ്പര്‍ ചെരുത്തൂര്‍ക്കോണം വിധ്യാധിരാജ എൻഎസ്എസ് കരയോഗം കാര്യാലയത്തിന് മുന്നിലാണ് ഭാരവാഹികള്‍ ഫ്ലക്സ് സ്ഥാപിച്ചത്
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിന്‍റെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്ത്. തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ കരയോഗം ഭാരവാഹികള്‍ ഫ്ലക്സ് സ്ഥാപിച്ചു. തിരുവനന്തപുരം നരുവാമൂട് നടുക്കാട് 2299-ാം നമ്പര്‍ ചെരുത്തൂര്‍ക്കോണം വിധ്യാധിരാജ എൻഎസ്എസ് കരയോഗം കാര്യാലയത്തിന് മുന്നിലാണ് ഭാരവാഹികള്‍ ജി സുകുമാരൻ നായര്‍ക്കെതിരെ ഫ്ലക്സ് സ്ഥാപിച്ചത്. നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന് എഴുതിയ ഫ്ലക്സ് ആണ് ഭാരവാഹികള്‍ സ്ഥാപിച്ചത്. ഫ്ലക്സ് സ്ഥാപിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പരസ്യപ്രതിഷേധവുമായാണ് കരയോഗം ഭാരവാഹികള്‍ രംഗത്തെത്തിയത്. നേരത്തെ ചങ്ങനാശ്ശേരിയിൽ ഒരു കുടുംബം കരയോഗം അംഗത്വം ഉപേക്ഷിച്ചിരുന്നു. പിന്നാലെ എറണാകുളത്ത് കണയന്നൂര്‍ കരയോഗം ഭാരവാഹികളും സുകുമാരൻ നായരുടെ സര്‍ക്കാര്‍ അനുകൂല നിലപാടിനെ പരസ്യമായി തള്ളി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും സുകുമാരൻ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവനന്തപുരത്തും പരസ്യ പ്രതിഷേധം.
പത്തനതിട്ടയിൽ രണ്ടിടങ്ങളിൽ ഫ്ലക്സ്
എൻഎസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ ഇന്നലെയും ഇന്ന് രാവിലെയുമായി പത്തനംതിട്ടയില്‍ രണ്ടിടങ്ങളിലാണ് ഒരേപോലത്തെ ഫ്ലക്സ് സ്ഥാപിച്ചത്. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ഇന്ന് രാവിലെ ഫ്ലക്സ് സ്ഥാപിച്ചത്. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് പരിഹാസം. ഈ ഫ്ലക്സിന് 100 മീറ്ററിന് സമീപമാണ് 681-ാംനമ്പർ കരയോഗം. പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ഇന്നലെ ആദ്യം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിമർശിച്ചാണ് ഫ്ലക്സ് കെട്ടിയത്.


