Asianet News MalayalamAsianet News Malayalam

അവശ്യമരുന്നുകൾക്ക് 112ൽ വിളിക്കാം; ഹൈവേ പൊലീസ് വീടുകളിൽ മരുന്ന് എത്തിക്കും

ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും. ​ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്നും ഹർഷിത അട്ടല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

for essential medicines can be called at 112 highway police deliver medicine to homes says harshita attaluri
Author
Thiruvananthapuram, First Published May 8, 2021, 7:32 AM IST

തിരുവനന്തപുരം: ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഹൈവേ പൊലീസ് നേരിട്ടെത്തി വീടുകളിൽ മരുന്ന് എത്തിക്കും. ​ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്നും ഹർഷിത അട്ടല്ലൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മുതലാണ് കൊവിഡ് ലോക്ഡൗൺ നിലവിൽ വന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത് എന്നാണ് നിർദ്ദേശം. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന്  അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും.

പാഴ്സൽ നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല.  ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ  ഹൈവേ പൊലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം.

കൊവിഡ് അതിവ്യാപനം പിടിച്ചുനിർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് കേരളം വീണ്ടും അടച്ചിടുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങൾ.  മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും മേൽനോട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പൊലീസ് പാസ് നൽകും.  വിവാഹം, മരണം, ആശുപത്രി യാത്രകൾ എന്നിവയടക്കം അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നൽകണം. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതണം.  അന്തർജില്ലാ യാത്രകൾക്കും ഇതേ പാസാണ് വേണ്ടത്. അന്തർസംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  ഇല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം. പൊലീസ് ഇടപെടൽ കർശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios