വന്യജീവി ആക്രമണം തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ഫെൻസിംഗുകൾ തകരാറിലായാൽ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ തന്നെ നന്നാക്കും
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ഫെൻസിംഗുകൾ തകരാറിലായാൽ ഇനി മുതൽ വനംവകുപ്പ് ജീവനക്കാർ തന്നെ നന്നാക്കും. ഇതിനുള്ള ആദ്യഘട്ട പരിശീലനം സംസ്ഥാനത്ത് പൂർത്തിയായി. സംസ്ഥാന സക്കാരിൻറെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണിത്. വനത്തിൽ നിന്നും കാട്ടാനകൾ ജനവാസ മേഖലയിലെത്തുന്നത് തടയാൻ പ്രധാന മാർഗ്ഗമാണ് സോളാർ വേലികൾ. ഇത്തരം വേലികൾ കാട്ടാനകൾ തകർത്തു കഴിഞ്ഞാൻ കൃത്യ സമയത്ത് അറ്റകുറ്റപ്പണി നടത്താറില്ല. ഇത് കൂടുതൽ ഭാഗത്ത് ആക്രമണമുണ്ടാകാൻ ഇടയാക്കുന്നുണ്ട്. കരാർ നൽകി പണികൾ നടത്തുന്നതിലെ കാലതാമസമാണിതിന് കാരണം. ഇതിനൊരു പരിഹാരം കാണാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തന്നെ അറ്റകുറ്റപ്പണികൾ നടത്താൻ പരിശീലനം നൽകാൻ തീരുമാനിച്ചത്. അദ്യഘട്ടമായി 1500 പേർക്ക് പരിശീലനം നൽകി. ഇവർ ഓരോ സ്റ്റേഷനിലെയും ജീനക്കാരെ പരിശീലിപ്പിക്കും. സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ ശേഖരിക്കാൻ ടൂൾ റൂമുകൾ സഥാപിക്കും. തകരാർ ഉണ്ടായെന്നറിഞ്ഞാൽ ഫെൻസിംഗ് ഉള്ള സ്ഥലത്ത് കാൽനടയായി പട്രോളിംഗ് നടത്തിയാണ് ഇപ്പോൾ കണ്ടു പിടിക്കുന്നത്. ഇതിന് പകരമായി സിം കാർഡുകളുടെ സഹായത്തോടെയുള്ള സ്മാർട്ട് ഫെൻസിംഗ് സ്ഥാപിക്കും.
നോർത്ത് വയനാട് ഡിവിഷനിൽ ഇതിനുള്ള പരീക്ഷണം ഇപ്പോൾ നടക്കുന്നുണ്ട്. വിജയിച്ചാൽ സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. സംസ്ഥാനത്ത് 4500 കിലോമീറ്റർ ഫെൻസിംഗ് സ്ഥാപിച്ചാൽ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാനാകുമെന്നാണ് വനംവകുപ്പിൻറെ കണക്കു കൂട്ടൽ. ഇതിൽ 2500 കിലോമീറ്റർ ദൂരത്തിൽ ഇപ്പോൾ ഫെൻസിംഗുണ്ട്. 800 കിലോമീറ്ററിൽ പണികൾ പുരോഗമിക്കുകയാണ്. ബാക്കി ഭാഗത്ത് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.



