മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി പി നായര്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും (former Chief Secretary ) ഭരണപരിഷ്കാര കമ്മീഷൻ അംഗവുമായിരുന്ന സിപി നായർ അന്തരിച്ചു (C P Nair). 81 വയസായിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 

1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിപി നായർ ഒറ്റപ്പാലം സബ്‌ കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖം ഡെപ്യൂട്ടി ചെയർമാൻ, തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1982–87 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായ കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു. 1998 ഏപ്രിലിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. കെഇആർ പരിഷ്ക്കരണം അടക്കം ഭരണപരിഷ്ക്കാര മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് സിപി നായർ.

കോഴഞ്ചേരി സെന്റ് തോമസ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ഗവ ആർട്സ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സിപി നായർ സിവിൽ സർവ്വീസിൽ എത്തിയത്. 

സി പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി പി നായര്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മിഷന്‍ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണ്. സാഹിത്യത്തിന് പൊതുവിലും നര്‍മ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

‘എന്തരോ മഹാനുഭാവുലു– എന്റെ ഐഎഎസ് ദിനങ്ങൾ’ ആണ് ആത്മകഥ. ഇരുകാലിമൂട്ടകൾ എന്ന പുസ്കത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.