ചിറ്റയം ഗോപകുമാര്‍ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നത്. ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് ശ്രീനാദേവി.

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ. ചിറ്റയം ഗോപകുമാര്‍ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ ആയതിനാൽ സ്പീക്കർക്ക് പരാതി നൽകുന്നതും ആലോചിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയാണ് ശ്രീനാദേവി.

സിപിഐ വിട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുൻ അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇത്തവണ കോൺഗ്രസിനൊപ്പമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് എത്തിയ ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ദീപാദാസ് മുൻഷിയും മുതിര്‍ന് നേതാക്കളും ചേര്‍ന്ന് ഷോളണിയിച്ച് സ്വീകരിച്ചിരുന്നു. പത്തനംതിട്ട ഡിസിസിയിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയും ചെയ്തു. സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പള്ളക്കൽ ഡിവിഷനിൽ തന്നെയാണ് ശ്രീനാദേവിയെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അധികാരം അല്ല ആദര്‍ശം മുൻനിര്‍ത്തിയാണ് കോൺഗ്രസുമായി സഹകരിക്കുന്നതെന്നും അഴിമതി ചോദ്യം ചെയ്തായിരുന്നു സിപിഐയിലെ പ്രശ്നമെന്നും ശ്രീനാദേവി കുഞ്ഞമ്മ നേരത്തെ പ്രതികരിച്ചിരുന്നു.