ആവശ്യമെങ്കിൽ വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് പ്രസ്താവന തിരുത്തിയ എം എം മണി, കെഎസ്ഇബിയിലെ പ്രശ്നത്തെ കുറിച്ചുള്ള പ്രസ്താവനയും മയപ്പെടുത്തി.

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ കെഎസ്ഇബിയെ വിമര്‍ശിച്ച മുന്‍ മന്ത്രി എം എം മണി (MM Mani) പിന്നാലെ മലക്കം മറിഞ്ഞു. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്‍പ്പെടുത്തിയതെന്നായിരുന്നു വിമര്‍ശനം. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ വൈദ്യുതപ്രതിസന്ധിയുടെ ഭാഗമെന്ന് പിന്നീട് എം എം മണി വിശദീകരിച്ചു. 

ആവശ്യമെങ്കിൽ വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് പ്രസ്താവന തിരുത്തിയ എം എം മണി, കെഎസ്ഇബിയിലെ പ്രശ്നത്തെ കുറിച്ചുള്ള പ്രസ്താവനയും മയപ്പെടുത്തി. എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് പോകാൻ മാനേജ്മെന്റിനാവണം. താൻ മന്ത്രിയായിരിക്കുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം നോക്കാതെ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോയി. ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ മാനേജ്മെന്റ് തയ്യാറാവണമെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു.

വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്നാണ് എം എം മണി ഇന്ന് രാവിലെ വിമര്‍ശിച്ചത്. കെഎസ്ഇബി നേതൃത്വത്തിനെതിരെയും മണി ആഞ്ഞടിച്ചിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് കെഎസ്ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ അനുഭവ പാഠവം വേണം. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോൾ ആരും അംഗീകരിക്കില്ല. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയർമാൻ ബി അശോക് അറിയിച്ചു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് പറഞ്ഞു. വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, പീക്ക് അവറില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ഇബി ചെയർമാൻ അഭ്യര്‍ത്ഥിച്ചു. നിലവിലെ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയർമാൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിൻറെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാറിൻ്റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിൻ്റെ താപനിലയവുമായും ചർച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാർ ഒപ്പിടാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു. 

Also Read: പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

ബദൽ നടപടി ഫലം കണ്ടാൽ രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി തീരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. പക്ഷേ ദീർനാളത്തേക്കുള്ള പദ്ധതി കൂടി കെഎസ്ഇബി ആലോചിക്കുന്നുണ്ട്. രാജ്യത്തെ കൽക്കരി പ്രതിസന്ധി ഒക്ടോബർ വരെ നീളാനുള്ള സാധ്യത എന്നത് മുന്നിൽ കണ്ടാണ് ഇത്. ജനങ്ങൾ പരമാവധി ഉപഭോഗം കുറക്കണമെന്നാണ് കെഎസ്ഇബി നിർദ്ദേശം. ഇന്നലെ മുതൽ പതിനഞ്ച് മിനുട്ടാണ് നിയന്ത്രണം എന്നാണ് ഔദ്യോഗിക അറിയിപ്പ്. ആശുപത്രികളെയും നഗരപ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ നഗരങ്ങളിലടക്കം കൂടുതൽ സമയം നിയന്ത്രണം ഇന്നലെ രാത്രി മുതലുണ്ടെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്.