യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് മർദനമേറ്റ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല

തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിനെ വിമർശിച്ച് കെ സുധാകരൻ. അത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. കസ്റ്റഡി മർദ്ദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ പ്രതിപക്ഷനേതാവ് ഇന്നും ചോദ്യം ചെയ്തു. 

സുജിത്തിനെ ലോക്കപ്പിലിട്ട് ക്രൂരമായി മ‍ർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വന്നതിന്‍റെ ഞെട്ടലിലിരിക്കെയായിരുന്നു നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷനേതാവും ഓണാഘോഷത്തിൽ പങ്കെടുത്തത്. അടുത്തിരുന്ന് ചിരിച്ച് സദ്യ ഉണ്ണുന്ന ദൃശ്യങ്ങൾക്കെതിരെ അന്ന് തന്നെ കോൺഗ്രസ്സിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. ആ ദിവസം കെ സുധാകരൻ സുജിതിനെ വീഡിയോ കോളിൽ വിളിച്ചു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് നേതാവെന്ന് നിലയിൽ സുധാകരനെ പുകഴ്ത്തി സതീശനെ കുത്തി ചില നേതാക്കൾ പോസ്റ്റിട്ടിരുന്നു. അതിന്‍റെ തുടർച്ചയായാണ് സുധാകരൻ പരസ്യമായി തന്നെ സതീശനെ തള്ളുന്നത്. പക്ഷെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം വരുന്നതെന്നാണ് സതീശൻ അനുകൂലികളുടെ വാദം. മർദ്ദനത്തിൽ പൊലീസുകാർക്കെതിരെ ഭീഷണി വരെ ഉയർത്തിയത് പ്രതിപക്ഷ നേതാവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ ഇന്നും സതീശൻ വിമർശിച്ചു.

സദ്യ ഉണ്ടതിലെ ഭിന്നതക്ക് അപ്പുറം കേരളം അമ്പരന്ന കസ്റ്റഡി മർദ്ദനം രാഷ്ട്രീയമായി കൈകാര്യം ചെയ്തതതിൽ വീഴ്ചയുണ്ടെന്ന വാദവും പാർട്ടിയിലുണ്ട്. യൂത്ത് കോൺഗ്രസിന് അധ്യക്ഷൻ പോലുമില്ല. സമരം പോരാ. പ്രതികളായ പോലീസുകാർക്കെതിരെ ഇതുവരെ നടപടി എടുപ്പിക്കാൻ പോലും കഴിയുന്നില്ല എന്നൊക്കെയുണ്ട് വിമർശനങ്ങൾ. പക്ഷെ നടപടി വൈകിയാൽ കടുത്ത സമരം തന്നെ ഉണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം വിശദീകരിക്കുന്നത്

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | Onam 2025