Asianet News MalayalamAsianet News Malayalam

എഴുതിയ ഉത്തരക്കടലാസുകളെത്തും; യൂണിവേഴ്‍സിറ്റി കോളേജിലെ പരീക്ഷാ ക്രമക്കേടുകള്‍ ഇങ്ങനെ: മുന്‍ പ്രിന്‍സിപ്പാള്‍

എസ്എഫ്ഐ നേതാവ് ബുക്ക് വച്ച് എഴുതുന്നതിന് താന്‍ സാക്ഷിയാണ്. ജയിലില്‍ നിന്ന് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് പൊലീസിന് മുന്നിലൂടെയാണ് കോപ്പിയടിക്കാനുള്ള പേപ്പറുകള്‍ നല്‍കിയത്.  

former principal explains the way of copying in university college
Author
Thiruvananthapuram, First Published Jul 16, 2019, 11:32 AM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ പരീക്ഷാ രീതികളിലെ ക്രമക്കേടുകൾ തുറന്ന് പറഞ്ഞ് മുൻ പ്രിന്‍സിപ്പാള്‍ മോളി മെഴ്‍സിലിൻ. താൻ ഇടപെട്ട് സർവ്വകലാശാലക്ക് കൈമാറിയ കേസുകൾ അട്ടിമറിക്കപ്പെട്ടുവെന്ന് മോളി മെഴ്‍സിലിൻ പറഞ്ഞു. ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥി നേതാക്കളെ സഹായിക്കുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞത്. 

എസ്എഫ്ഐ നേതാക്കളുടെ കേന്ദ്രങ്ങളിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്തതോടെ കോളേജിലെ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇതുമായി ബന്ധിപ്പിക്കുന്ന അനുഭവങ്ങളാണ് 2013-2014 അധ്യയന വർഷം പ്രിൻസിപ്പാളായിരുന്ന മോളി മെഴ്‍സിലിൻ പങ്കുവെക്കുന്നത്. പലപ്പോഴും താന്‍ നിസ്സഹായയായിരുന്നുവെന്നും മോളി പറയുന്നു. 

ഈ ക്രമക്കേടുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും മോളി മെഴ്‍സിലിൻ പറയുന്നു. വിചിത്രമായ കോപ്പിയടികൾ തുടർക്കഥയാണ്. ജയിലില്‍ നിന്ന് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് പൊലീസിന് മുന്നിലൂടെയാണ് കോപ്പിയടിക്കാനുള്ള പേപ്പറുകള്‍ നല്‍കിയത്.  

പുറത്ത് നിന്ന് ഉത്തരങ്ങള്‍ എഴുതിയ മെയിന്‍ ഉത്തരക്കടലാസ് നല്‍കുന്നത് കണ്ടാണ് താന്‍ ഹാളിലെത്തിയത്. ഇവ രണ്ടും വാങ്ങി യൂണിവേഴ്‍സിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് ഈ വിദ്യാര്‍ത്ഥി തന്നെ കണ്ടപ്പോള്‍ എല്ലാം ശരിയായിയെന്നാണ് പറഞ്ഞതെന്നും മോളി പറഞ്ഞു. എസ്എഫ്ഐ നേതാവ് ബുക്ക് വച്ച് എഴുതുന്നതിന് താന്‍ സാക്ഷിയാണ്  പരാതിപ്പെട്ടപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രിന്‍സിപ്പാള്‍ അനുവദിച്ചില്ലെന്നും മോളി ആരോപിച്ചു.

പരീക്ഷാ ഹാളിലെ ക്രമക്കേടുകള്‍ക്ക് താന്‍ സാക്ഷിയാണെന്നും മോളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരീക്ഷാ ചുമതലയിൽ വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ പ്രിൻസിപ്പാളായിരിക്കെ ശക്തമായ നടപടികൾ സ്വീകരിച്ചത് അധ്യാപക സംഘടനയിൽ ശക്തമായ എതിർപ്പുണ്ടാവുന്നതിന് കാരണമായി. ഈ സമയത്ത് എസ്എഫ്ഐ നേതാക്കളും അധ്യാപകർക്കൊപ്പം നിന്നുവെന്നും മോളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios