എരുമേലി: ഹാരിസൺ കേസിൽ സിവിൽ കോടതിയെ സമീപിക്കാതെ ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള നീക്കം ഭൂമി തർക്കകേസിൽ സർക്കാരിന് തിരിച്ചടിയാകും. ചെറുവള്ളി എസ്റ്റേറ്റ് തർക്കഭൂമിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നത് ഹാരിസണും ബിലീവേഴ്സ് ചർച്ചും കോടതിയിൽ ആയുധമാക്കും. കേസ് നടത്താൻ തയ്യാറല്ലെന്ന് സർക്കാർ തന്നെ സമ്മതിക്കുകയാണെന്നും ഒത്തുകളിയാണെന്നും മുൻ സ്പെഷ്യൽ പ്ലീഡർ സുശീലാ ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമല വിമാനത്താവളമാണ് ലക്ഷ്യമെങ്കിലും ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് ഏറ്റെടുക്കൽ വിവാദവും ദുരൂഹവുമാണ്. ഹാരിസൺ ബിലീവേഴ്സ് ചർച്ചിന് വിറ്റതാണ് എസ്റ്റേറ്റ്. ഹാരിസൺ ഭൂമി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി ഏറ്റെടുക്കാനുള്ള സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പക്ഷെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാമെന്നായിരുന്നു ഉത്തരവ്. സിവിൽ കേസ് നൽകാൻ തീരുമാനിച്ച് ഇക്കഴിഞ്ഞ ജൂണിൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇതുവരെ ഒന്നുമായില്ല. ചെറുവള്ളി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന കോട്ടയം ജില്ലാ കളക്ടർ വിശദീകരിച്ചത് ഫയലുകൾ നിയമവകുപ്പിന് കൈമാറിയെന്നാണ്. സിവിൽ കേസ് നൽകാതെ പണം നൽകിയുള്ള എസ്റ്റേറ്റ് ഏറ്റെടുക്കലിൽ ദുരൂഹതയുണ്ടെന്ന് ഹാരിസൺ കേസിലെ സ്പഷ്യൽ പ്ലീഡറായിരുന്ന സുശീലാ ഭട്ട് കുറ്റപ്പെടുത്തി.

പണം കെട്ടിവക്കലിലൂടെ സർക്കാർ തന്നെ ചെറുവള്ളി തർക്കസ്ഥലമെന്ന് സമ്മതിക്കുന്നു. മറ്റെല്ലായിടത്തെയും തർക്കഭൂമികളിലും ഇത് ബാധകമെന്ന വാദം ഉന്നയിക്കാൻ ഹാരിസണിന് ബലം പകരും. സിവിൽ കേസ് നൽകാതെയും നിയമനിർമ്മാണം നടത്താതെയുമുള്ള എസ്റ്റേറ്റ് ഏറ്റെടുക്കൽ ഫലത്തിൽ ഹാരിസണ് ഗുണകരമാണ്.