തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വിവിധ കാലവർഷ അപകടങ്ങളിൽ ഇന്ന് നാല് പേരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. 

മലപ്പുറം കാളികാവിൽ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. നരിമടയ്ക്കൽ സവാദ് ആണ് മരിച്ചത്. കോട്ടയം മണർകാട് ഒലിച്ചു പോയ കാറിനുള്ളിൽ നിന്ന് ഡ്രൈവർ ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് രാജപുരത്ത് പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിണാവ് പുഴയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെറുപുഴശ്ശി രാഘവൻ ആണ് മരിച്ചത്. പത്തനംതിട്ട അച്ചൻകോവിലാറ്റിൽ പ്രമാടം സ്വദേശി രാജൻപിള്ളയെ കാണാതായി. ഭാരതപ്പുഴയിൽ ഷൊർണൂരിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് പി ബി വിനായകിനെ കാണാതായി.

Also Read: ശക്തമായ മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി, പ്രദേശത്ത് രണ്ടാം ജാഗ്രത നിർദേശം നല്‍കും

തോരാതെ പെയ്യുന്ന മഴയിൽ ആലപ്പുഴയിലും കോട്ടയത്തും ജനജീവിതം നിശ്ചലമാണ്. കുട്ടനാടൻ പാടങ്ങളിൽ മടവീഴ്ച വ്യാപകമായതോടെ ഹെക്ടറ് കണക്കിന് നെൽകൃഷി നശിച്ചു. കോട്ടയത്ത് മണർകാട് ഒലിച്ചു പോയ കാറിനുള്ളിൽ നിന്ന് ഡ്രൈവറുടെ മൃതദേഹവും കണ്ടെടുത്തു. റെഡ് ആലേ‍ർട്ട് നിലനിൽക്കുന്ന ആലപ്പുഴ ജില്ലയിലും മഴക്കെടുതികൾ രൂക്ഷമാണ്. പമ്പാ ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 41 ക്യാമ്പുകൾ തുറന്നു. 1211 പേരെ മാറ്റിപാർപ്പിച്ചു. ചെങ്ങന്നൂരിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്.

Also Read: 7 ജില്ലകള്‍ വെള്ളപ്പൊക്കബാധിതമെന്ന് കേന്ദ്ര ജല കമ്മീഷൻ; വരും ദിവസങ്ങളില്‍ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്

കുട്ടനാട്ടിലെ കിടപ്പുരോഗികളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കൊവിഡ് ജാഗ്രത നിലനിൽക്കുന്ന സാഹചര്യത്തിൽ നാല് തരം ക്യാമ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. എസി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലും വെള്ളക്കെട്ടുണ്ട്. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ കോട്ടയം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുമരകം, വൈക്കം അടക്കമുള്ള പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറിയിട്ടുണ്ട്. പാലാ ഈരാറ്റുപേട്ട റോഡ് മുന്നാലിയിൽ വീണ്ടും വെള്ളം കയറി. ഇന്നലെ ഇവിടെ പൂർണമായും വെള്ളം ഇറങ്ങിയതായിരുന്നു. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. അയ്മനം ഗ്രാമ പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തൻ കരി എന്നീ പാടശേഖരങ്ങളിൽ മടവീണു 350 ഹെക്ടറിലെ നെൽ കൃഷി വെള്ളത്തിൽ മുങ്ങി. ആർപ്പൂക്കരയിൽ കൊച്ചു മണിയാപറമ്പ് വെച്ചൂർ പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി. 

Also Read: കോട്ടയത്ത് കന്നുകാലികൾക്കായി പ്രത്യേക ദുരിതാശ്വാസ ക്യാംപ്; മഴയിൽ 30 കോടിയുടെ കൃഷിനാശം

വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. ജില്ലയിലെ പ്രധാന റോഡുകളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്‌. എ സി റോഡ് പൂര്‍ണമായും അടച്ചു. ചില റോഡുകൽ വഴി തിരിച്ചു വിട്ടു. കോട്ടയം ജില്ലയിൽ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മൂവായിരത്തി അഞ്ഞൂറോളം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പിലായി ഉണ്ട്‌. കോട്ടയം താലൂക്കിൽ ആണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ ഉള്ളത്.