തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കൊവിഡ് 19 രോഗികളില്ലാത്ത ജില്ലകള്‍ നാലെണ്ണം. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലാണ് നിലവില്‍ രോഗബാധിതരില്ലാത്തത്.  

സംസ്ഥാനത്ത് ഹോട്ട്‍സ്‍പോട്ടുകളിലും റെഡ് സോണിലും മാറ്റം വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച നാല് ജില്ലകള്‍ക്ക് പുറമെ കോട്ടയവും ഇടുക്കിയും റെഡ് സോണായി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വണ്ടന്‍മേടും ഇരട്ടയാറും കോട്ടത്ത് ഐമനം, വെല്ലൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളും ഹോട്ട്‍സ്പോട്ടുകളാണ് എന്ന് മുഖ്യമന്ത്രി അറിയിച്ചു.  

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം 13 പേര്‍ക്ക് രോഗം ഭേദമായി. കോട്ടയത്ത് ആറും ഇടുക്കിയില്‍ നാലും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നുവീതവുമാണ് പോസിറ്റീവായത്. ഇവരില്‍ അഞ്ച് പേര്‍ തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്. ഒരാള്‍ക്ക് എങ്ങനെ രോഗം പിടിപെട്ടു എന്ന് പരിശോധിച്ചുവരികയാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്. രോഗം മാറിയവരില്‍ ആറ് പേര്‍ കണ്ണൂരിലാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 123 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.