കണ്ണൂരിൽ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ കൊല്ലുമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ഭീഷണി മുദ്രാവാക്യം.

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന പി കെ ഷെഫീഖ്, ഹബീബ് മനയിൽ, ജോഷി തളിപ്പാടം, വെനിസദർ എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പാര്‍ട്ടിയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂത്തേടം മേഖലാ സെക്രട്ടറി പി കെ ഷഫീഖിനെതിരെയാണ് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് നടപടിയെടുത്തത്. ഷഫീഖിനെ ഡിവൈഎഫ്ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി. പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച് കൊടുത്തത് ഷഫീഖായിരുന്നു. സംഭവത്തില്‍ കൊലവിളി പ്രകടനത്തില്‍ അ‍ഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂരിൽ ഷുക്കൂറിനെ കൊന്ന് തള്ളിയതുപോലെ കൊല്ലുമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ഭീഷണി മുദ്രാവാക്യം.

പ്രദേശത്ത് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ ചെറിയ സംഘർഷത്തില്‍ ഇത്തരത്തിലുള്ള ഭീഷണി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയതിനെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും എടക്കര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തികയും ചെയ്തു.