കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ അവതരിപ്പിച്ച ധവളപത്രങ്ങളുടെ ചരിത്രം ഇതാണ്.
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദേശങ്ങളുമുണ്ടാകും. കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ അവതരിപ്പിച്ച ധവളപത്രങ്ങളുടെ ചരിത്രം ഇതാണ്.
ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടം എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളെയും നിയമസഭയെയും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
കേരളത്തിൽ സാധാരണയായി പുതിയൊരു സർക്കാർ അധികാരമേൽക്കുമ്പോഴാണ് മുൻ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്താൻ വേണ്ടി ധനകാര്യ ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. 1987ലാണ് കേരളത്തിൽ ആദ്യമായി ധവളപത്രം ഇറക്കുന്നത്. ഇ കെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനമന്ത്രി വിശ്വനാഥ മേനോനാണ് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയാകെ കെ കരുണാകരൻ സർക്കാർ തകർത്തെന്ന് ആരോപിച്ചായിരുന്നു ആ ധവളപത്രം. 2001ൽ എ കെ ആന്റണി സർക്കാർ അധികാരമേറ്റപ്പോൾ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണനും വൈറ്റ് പേപ്പർ പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആന്റണി സർക്കാർ ധവളപത്രം ഉപയോഗിച്ചു. ആനുകൂല്യങ്ങൾ വെട്ടികുറച്ചതിനെതിരെ 32 ദിവസം നീണ്ട സർക്കാർ ജീവനക്കാരുടെ വൻ പ്രക്ഷോഭത്തിന് കാരണമായതും ഈ ധവളപത്രമായിരുന്നു.
2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേറ്റപ്പോഴും ധവളപത്രം ഇറക്കി. ധനമന്ത്രിയായിരുന്ന കെഎം മാണിയാണ് ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാരും ധവളപത്രം ഇറക്കി. ടി എം തോമസ് ഐസക്കാണ് ധവളപത്രം അവതരിപ്പിച്ചത്. ഇനി ഇപ്പോൾ വി ഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പാൻ പോകുന്നത് കേരളത്തിന്റെ അഞ്ചാം ധവളപത്രമാണ്. രാഷ്ട്രീയ ആരോപണങ്ങൾക്ക് അപ്പുറം എന്താണ് സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെന്ന് മനസ്സിലാക്കാനും മുന്നിലുള്ള വെല്ലുവിളികൾക്ക് എന്ത് പരിഹാരമെന്നും ധവളപത്രത്തിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

