നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ(kottayam medical college hospital) നിന്ന് നവജാത ശിശുവിനെ(new born baby) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച ആശുപത്രി അധിക‌തർ അന്വേഷിക്കും. ഇതിനായി നാലം​ഗ സമിതിയെ നിയോ​ഗിച്ചു. ആർ എം ഒ, നഴ്‌സിംഗ്‌ ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ആണ് സമിതി അംഗങ്ങൾ. ഇവർ തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും. 

നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും. 

ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായ‌ിരുന്നു