തങ്ങള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നും സ്ഥാപനങ്ങള്‍ അടച്ച് കോടഞ്ചേരിയില്‍ നിന്ന് പോകണമെന്ന് സിപിഎം പ്രാദേശിക നേതാവ് അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഇവരുടെ പരാതി...
കോഴിക്കോട്: കോടഞ്ചേരിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച് ആശുപത്രിയില്‍. കോടഞ്ചേരിയില്‍ സ്ഥാപനം നടത്തുന്ന കാസര്‍ക്കോട് സ്വദേശികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തങ്ങള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്നും സ്ഥാപനങ്ങള്‍ അടച്ച് കോടഞ്ചേരിയില്‍ നിന്ന് പോകണമെന്ന് സിപിഎം പ്രാദേശിക നേതാവ് അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് ഇവരുടെ പരാതി.
കാസര്‍ക്കോട് പാലാവയല്‍ സ്വദേശികളായ ബിനീഷ്, ഭാര്യ സിനി, സിനിയുടെ സഹോദരി മിനി, മാതാവ് റോസമ്മ എന്നിവരാണ് വിഷം കഴിച്ചത്. കോടഞ്ചേരി ഈരുടില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ രക്തം ഛര്‍ദ്ദിച്ച നിലയില്‍ അയല്‍വാസികള‍്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ താമരശേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോടഞ്ചേരിയില്‍ ബിനീഷും സിനിയും നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് പേരെ പിരിച്ചു വിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ തനിക്കും കുടുംബാഗങ്ങള്‍ക്കും സ്ഥാപനത്തിനുമെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് സിനി ആത്ഹത്യാകുറിപ്പില്‍ പറയുന്നു. തങ്ങളുടെ സ്ഥാപനത്തിലോ വീട്ടിലോ എന്തെങ്കിലു ലഹരി പദാര്‍ത്ഥങ്ങള്‍ ഇവര്‍ കൊണ്ടുപോയി വയ്ക്കുമോ എന്ന് ഭയപ്പെടുന്നുവെന്നും കുറിപ്പിലുണ്ട്.
സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിലാണ് ഭീഷണിയെന്ന് സിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആകെയുള്ള ജീവിത മാര്‍ഗമാണ് അടഞ്ഞ് പോയതെന്നും മരണമല്ലാതെ മുന്നില്‍ വേറെ വഴിയില്ലെന്നും എഴുതി വച്ചാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. ബിനീഷിനും സിനിക്കും പതിനൊന്നും ഒന്‍പതും പ്രായമുള്ള രണ്ട് മക്കളുണ്ട്. ഇവര്‍ പുറത്ത് പോയ സമയത്തായിരുന്നു ആത്മഹത്യാ ശ്രമം. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കോടഞ്ചേരി പൊലീസ് അറിയിച്ചു.
