Asianet News MalayalamAsianet News Malayalam

ഹൃദയം നുറുങ്ങിയ അമ്മയുടെ വിളി കേൾക്കാതെ അവൾ, ചേതനയറ്റ ശരീരത്തിനരികെ കുഞ്ഞനുജത്തി, ജിയന്നയ്ക്ക് അന്ത്യാഞ്ജലി

ബെംഗളൂരുവിലെ സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലു വയസുകാരിക്ക് ജന്മനാട്ടില്‍ വികാര നിര്‍ഭരമായ യാത്രയയപ്പ്. 

four year old girl Gianna Ann Jito final death ppp
Author
First Published Jan 28, 2024, 12:30 AM IST

ബെംഗളൂരു: ബെംഗളൂരുവിലെ സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലു വയസുകാരിക്ക് ജന്മനാട്ടില്‍ വികാര നിര്‍ഭരമായ യാത്രയയപ്പ്. കോട്ടയം മണിമലയിലെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളുമടക്കം ഒട്ടേറേ പേരാണ് നാലു വയസുകാരി ജിയന്നയ്ക്ക് യാത്രാമൊഴിയേകാന്‍ എത്തിയത്. കുട്ടിയുടെ മരണത്തെ പറ്റിയുളള ഫലപ്രദമായ അന്വേഷണത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

ഹൃദയം നുറുങ്ങിയുളള അമ്മയുടെ വിളി കേള്‍ക്കാതെ മണിമലയിലെ വീടിന്‍റെ പൂമുഖത്ത് അന്നമോള്‍ കിടന്നു. എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ ചേച്ചിയുടെ ചേതനയറ്റ ശരീരത്തിനരികെ ഒരു വയസുകാരി കുഞ്ഞനുജത്തി. ആകെ തകര്‍ന്ന മനസുമായി അച്ഛന്‍ ജിറ്റോ. മണിമലയിലെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് കുഞ്ഞു ജിയന്നയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം കരിമ്പനക്കുളം സേക്രട്ട് ഹാര്‍ട്ട് പളളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ബംഗളൂരുവിലെ ദില്ലി പബ്ലിക് സ്കൂളില്‍ പ്രീകെജി വിദ്യാര്‍ഥിനിയായിരുന്ന ജിയന്ന സ്കൂളിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് മരിച്ചത്.

കുഞ്ഞിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലായ കോട്ടയം സ്വദേശി തോമസ് ചെറിയാനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ പോയ പ്രിന്‍സിപ്പലിനായി കേരളത്തിലടക്കം അന്വേഷണം നടത്തുന്നുണ്ടെന്നാണ് ബെംഗളൂരു പൊലീസ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. 

സ്കൂളില്‍ കുട്ടിയെ പരിചരിച്ചിരുന്ന ആയയുടെ പ്രവൃത്തികളും സംശയാസ്പദമാണെന്ന പരാതി കുടുംബത്തിനുണ്ട്. അതിനാല്‍ തന്നെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന പരാതിയും കുടുംബം ഉയര്‍ത്തുന്നു. ഈ സാഹചര്യത്തിലാണ് ഫലപ്രദമായ അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കു കൂടി നിവേദനം നല്‍കാനുളള കുടുംബത്തിന്‍റെ നീക്കം.

മലപ്പുറത്ത് അതിവേഗം എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു; അപ്പോൾ അറിഞ്ഞില്ല വാസുദേവനെ ഇടിച്ചിട്ടത് മകനാണെന്ന് !

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios