കണ്ണൂർ: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ സ്കൂളിൽ വച്ച് പീഡിപ്പിച്ചു. സ്കൂളിലെ ശുചിമുറിയിൽ വച്ചാണ് അധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ അധ്യാപകൻ കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇയാൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ബിജെപിയുടെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനാണ് ഇയാൾ. 

വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സ്കൂളിൽ ശുചിമുറിയിൽ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. അവധി ദിനമായ ശനിയാഴ്ച സ്കൂളിൽ എൻഎസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് വിളിപ്പിച്ചതും പിന്നെ പീഡിപ്പിച്ചതും. 

പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായി പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ മാതൃസഹോദരി  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി പറഞ്ഞതെന്നും മാതൃസഹോദരി വെളിപ്പെടുത്തുന്നു. ആരോപണവിധേയനായ അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജ്മെൻ്റെ അറിയിച്ചു.