മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റിൻ്റെ മറവിൽ തട്ടിപ്പ്; റിപ്പോർട്ട് തേടി മന്ത്രി റോഷി അഗസ്റ്റിൻ
കൊല്ലത്തെ ഇല്ലാത്ത ആയൂര്‍വേദ ക്ലിനിക്കിന്‍റെ പേരിലുള്ള ബില്ല് ഉപയോഗിച്ചാണ് ആറ്റിങ്ങല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റീഇംപേഴ്സ് തുക വന്‍ തോതില്‍ തട്ടിയെടുത്തത്.

തിരുവനന്തപുരം : മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റിൻ്റെ മറവിൽ 22 ലക്ഷം രൂപ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തട്ടിയെടുത്ത സംഭവത്തിൽ വകുപ്പ് മന്ത്രി റിപ്പോർട്ട് തേടി. മന്ത്രി റോഷി അഗസ്റ്റിനാണ് വാട്ടർ അതോറിറ്റി എംഡിയോട് അടിയന്തര റിപ്പോർട്ട് തേടിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും വിവരവും ഉടൻ കൈമാറാനും നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റി ആറ്റിങ്ങൽ ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥർ മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റിൻ്റെ മറവിൽ 22 ലക്ഷം രൂപ തട്ടിയെടുത്തത് ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
കൊല്ലത്തെ ഇല്ലാത്ത ആയൂര്‍വേദ ക്ലിനിക്കിന്‍റെ പേരിലുള്ള ബില്ല് ഉപയോഗിച്ചാണ് ആറ്റിങ്ങല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റീ ഇംപേഴ്സ് തുക വന്‍ തോതില്‍ തട്ടിയെടുത്തത്. ഏഷ്യാനെറ്റ്ന്യൂസ് സംഘം 500 രൂപ കൊടുത്തപ്പോള്‍ 9000 രൂപയുടെ ബില്ലാണ് ഇതേ ആയുര്‍വേദ ഡോക്ടര്‍ ഞങ്ങള്‍ക്കും തന്നത്. അഞ്ച് ജില്ലകളിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് ആവശ്യം പോലെ താന്‍ ബില്ലുകള്‍ വര്‍ഷങ്ങളായി നല്‍കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥര്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഈയിടെയാണ് ഇന്‍റേര്‍ണല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. രണ്ട് വര്‍ഷത്തെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് ബില്ലുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ വെട്ടിപ്പ് കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് പരിശോധിച്ചപ്പോള്‍ കിലോ കണക്കിന് ച്യവനപ്രാശവും ലിറ്റര്‍ കണക്കിന് കഷായവും കണ്ടെത്തിയതോടെ ഇന്‍റേര്‍ണല്‍ ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. പരിശോധിച്ചപ്പോള്‍ 95 ശതമാനം ഉദ്യോഗസ്ഥരും കൊടുത്തത് മേലത്തില്‍ ആയൂര്‍ ക്ലിനിക്കിന്‍റെ ബില്ലെന്ന് കണ്ടെത്തി. ജിഎസ്ടി പോലുമില്ലാത്ത ബില്ലില്‍ ഒരേ പോലുള്ള കഷായവും ച്യവനപ്രാശവും കണ്ടതോടെ വ്യാജമാണെന്ന് ഉറപ്പിക്കുകയായിരുന്നു.