സന്നിധാനം: ശബരിമല സന്നിധാനത്തേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് പരിശോധന സൗജന്യമാക്കാൻ തീരുമാനം. പേടകം ചുമക്കുന്നവരുൾപ്പടെയുള്ളവർ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തണമെന്ന തീരുമാനത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളെടെയാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്ര. ഘോഷയാത്രയെ അനുഗമിക്കുന്നവർക്കെല്ലാം കൊവിഡ് പരിശോധന വേണം. ആർടിപിസിആർ പരിശോധന തന്നെ വേണമെന്നാണ് നിർദേശം. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ തന്നെ പരിശോധന ചെലവ് വഹിക്കമമെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ദേവസ്വം ഉപദേശക സമിതി കൂടി നിർദേശിച്ചതോടെയാണ് പരിശോധന സൗജന്യമാക്കാനുള്ള തീരുമാനത്തിലെത്തിയത്.

പൊലീസുകാർ അടക്കം 130 പേരാണ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുക. ഇവർക്കുള്ള കൊവി‍ഡ് പരിശോധന പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ നടക്കും. അതേസമയം ഇത്തവണ രാജപ്രതിനിധിയെ തെരഞ്ഞെടുത്തെങ്കിലും ഘോഷയാത്രയെ അനുഗമിക്കാൻ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി ഉണ്ടാവില്ല.  കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവാഭരണ ഘോഷയാത്രക്ക് സ്വീകരണങ്ങളും ഉണ്ടാവില്ല.