പെരുമ്പാവൂർ:  അശമന്നൂർ സ്വദേശി ജയേഷിന് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള റേഷൻ കടയിൽ നിന്ന് കിട്ടിയ കിറ്റിലെ പരിപ്പ് കാലപ്പഴക്കം ചെന്ന് നശിച്ചതെന്ന് പരാതി. കാലപ്പഴക്കം മൂലം നിറം മാറി, പുഴുവും വണ്ടും അരിച്ച് ദ്വാരവും വീണ നിലയിലായിരുന്നു പരിപ്പ്. പൂപ്പൽ പിടിച്ച് ഉപയോഗിക്കാനാവാത്ത അവസ്ഥയിലുള്ള പരിപ്പാണ് വിതരണം ചെയ്തതെന്നാണ് പരാതി.

പഞ്ചസാരയും കടലയുമടക്കം എട്ടു സാധനങ്ങളാണ് കിറ്റിലുള്ളത്. സപ്ലൈക്കോയാണ് കിറ്റ് തയ്യാറാക്കി വിതരണത്തിനെത്തിച്ചത്. കൊവിഡ് കാലത്ത് നാലു മാസത്തേക്കു കൂടിയാണ് സർക്കാർ സൗജന്യ കിറ്റ് നൽകുന്നത്. നേരത്തെ ഓണക്കിറ്റിലെ ശർക്കരക്കും പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയും പ്രശ്നം കോടതി കയറുകയും ചെയ്തിരുന്നു. 

അതേസമയം പരാതി സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സപ്ലൈക്കോ എംഡി അലി അസ്ഗർ പാഷ പറഞ്ഞു. കൂടുതൽ പേർക്ക് ഇത്തരത്തിൽ പഴകിയ സാധനം കിട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കും. ഏത് കരാറുകാരനാണ് ഗുണനിലവാരമില്ലാത്ത പരിപ്പ് എത്തിച്ചതെന്നതു സംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം.

പ്രതീകാത്മക ഫയൽ ചിത്രം