മലപ്പുറം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. പൊന്നാനിയിൽ സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തതെന്ന് പൊന്നാനി എംഎൽഎ  കൂടിയായ സ്‍പീക്കര്‍ പി ശ്രീരാമകൃഷ്‍ണന്‍ പറഞ്ഞു. വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും സ്‍പീക്കര്‍ വിശദീകരിച്ചു. 

പൊന്നാനി താലൂക്കില്‍ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. സ്ഥിതി ഗുരുതരമായതോടെ ഇവിടെ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തിരൂരങ്ങാട് നഗരസഭ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ഓഫീസും അടച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായി ഐഎംഎയുടെ അറിയിപ്പ്. വളരെ അപകടകരമായ സാഹചര്യമാണിത്.  ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ എബ്രഹാം വർ​ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൂടുന്നു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കാത്തവർക്ക് രോഗം വരുന്നു. ഇവിടെ നിന്നും മറ്റു സംസ്‌ഥാനങ്ങളിൽ എത്തുന്നവർക്ക് രോഗം സ്‌ഥിരീകരിക്കുന്നു. ഇതൊക്ക കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്‍റെ ലക്ഷണങ്ങളാണെന്ന് ഐഎംഎ വിശദീകരിക്കുന്നു. 

മുമ്പിൽ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുൻകരുതൽ എടുക്കണം. രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും,ലോക്ക്ഡൗണ്‍ ഇളവുകൾ ആളുകൾ ദുരുപയോഗം ചെയ്തു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾ ഉൾക്കൊള്ളുന്നില്ല. കൊവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. രോഗവ്യാപനത്തിന്‍റെ കണക്ക് അറിയാൻ അത് വേണമെന്നും എബ്രഹാം വർ​ഗീസ് പറഞ്ഞു.