നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. 

പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വീട്ടിലെത്തിച്ച മൃതദേഹങ്ങൾക്ക് മുന്നിൽ സഹോദരങ്ങളും മക്കളും അലമുറയിട്ട് പൊട്ടിക്കരയുന്ന കാഴ്ച കണ്ടുനിന്നവരെയും കണ്ണീരണിയിച്ചു. അങ്ങേയറ്റം നെഞ്ചുലക്കുന്ന കാഴ്ചകളാണ് വീട്ടിലുണ്ടായത്. സുധാകരന്റെ പെൺമക്കളായ അതുല്യയുടെയും അഖിലയുടെയും കരച്ചിൽ കണ്ടുനിൽക്കാൻ കഴിയാത്ത വിധം സങ്കടകരമായിരുന്നു. നെന്മാറ വാക്കാവ് ശാന്തി​ഗൃഹം ശ്മശാനത്തിലായിരുന്നു ലക്ഷ്മിയമ്മയുടെ സംസ്കാരം. സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. 

ഇന്നലെ രാവിലെയാണ് കൊലക്കേസ് പ്രതിയായ ചെന്താമര ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചെന്താമര ജാമ്യത്തിലിറങ്ങിയ സമയത്താണ് അരുംകൊല ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പ്രദേശത്തെ മുക്കും മൂലയും അരിച്ചുപെറുക്കിയാണ് പൊലീസ് അന്വേഷിക്കുന്നത്. 125 പേരടങ്ങുന്ന പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് അന്വേഷണം. പ്രതി നേരത്തെ ഒളിച്ചിരുന്ന അറക്കമല, പട്ടിമല എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്. 

ഇതുവരെയുള്ള തെരച്ചിലിൽ പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് പാലക്കാട് എസ്പി പറഞ്ഞു. തെരച്ചിലിനായി നാളെ കെഡാവർ നായ്ക്കളെ എത്തിക്കും. പ്രതിയുടെ ആത്മഹത്യാസാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ പ്രതി ചെന്താമരയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കൊലപ്പെടുത്താനുപോയോ​ഗിച്ച കൊടുവാളും ഒപ്പം പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു. പ്രതിക്കായി കായലും കുളവുമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പൊലീസിന്റെ തെരച്ചിൽ. അതിനിടെ കോഴിക്കോട് തിരുവമ്പാടിയിൽ ചെന്താമരയുടെ മൊബൈൽ ഓണായതായി വിവരം ലഭിച്ചിരുന്നു. ഇവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates