പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും ജി സുധാകരൻ. എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിലാണ് ജി സുധാകരന്റെ വിമർശനം
ആലപ്പുഴ: പ്രതിപക്ഷത്തെ പരിഹസിച്ച് ജി സുധാകരൻ എംഎൽഎ. സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ജി സുധാകരൻ പറഞ്ഞു. ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും രാജ്യത്ത് കോൺഗ്രസിന്റെ ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു. എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി ഡി സതീശൻ സഭയിൽ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുന്നില്ല. പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണ്. കെ എൻ ബാലഗോപാൽ ഒക്കെയാണല്ലോ സഭയിൽ ഉള്ളതെന്നും ജി സുധാകരൻ പരിഹസിച്ചു. കെ എൻ ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ല. ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും പറയും. സഭയിലെ പ്രതിപക്ഷത്തെ കണ്ട് സങ്കടം തോന്നുന്നു. ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ല. പറയാൻ അറിയാവുന്ന ഒരാളെങ്കിലും വേണ്ടേ? ശരിയല്ലെന്ന് പറയാൻ ഒരാളുമില്ല. സഭയിൽ പ്രതിപക്ഷത്തിൻ്റേത് ദയനീയമായ ചിത്രമാണെന്നും ജി സുധാകരൻ പരിഹസിച്ചു.
രാജ്യത്ത് കോൺഗ്രസിന്റെ ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം വിമർശിച്ചു. അമ്പലപ്പുഴയിൽ താൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിലേക്ക് പോകുമെന്ന് പിണറായി വിജയൻ പ്രസംഗിച്ചു. സിപിഎം ഇന്ന് എവിടെയാണുള്ളത്? കേരളത്തിന് പുറത്ത് സിപിഎം എഴുന്നേറ്റ് നിൽക്കുന്നത് കോൺഗ്രസ് പിന്തുണയിലാണ്. എന്ത് രാഷ്ട്രീയ ദർശനമാണ് ഉള്ളത്? സിപിഎമ്മിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു. അടുത്തകാലത്തൊന്നും സിപിഎം നന്നാകില്ലെന്നും കേരളത്തിൽ കോൺഗ്രസിന്റെ സുവർണ കാലഘട്ടമാണെന്നും ജി സുധാകരൻ പ്രസംഗത്തിനിടെ പറഞ്ഞു.

