എൻഎസ്എസിനെതിരെ ചിലർ വ്യാജപ്രചാരണം നടത്തുന്നു: ആരോപണവുമായി ജി സുകുമാരൻ നായർ
ഹൈക്കോടതി വിധി മറന്ന് കൊണ്ട് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി
പെരുന്ന: എൻഎസ്എസിനെതിരെ വ്യാജപ്രചാരണം നടക്കുന്നതായി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനറൽ സെക്രട്ടറിക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയിൽ വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് ആരോപണം. 2013 ലെ കമ്പനി നിയമങ്ങൾക്ക് വിരുദ്ധമായാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത് എന്ന് ചൂണ്ടികാട്ടി ഒരു വ്യക്തി എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പരാതിക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിക്കുകയും എറണാകുളം കോടതിയുടെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. 1961 ലെ കേരള നോൺ ട്രേഡിംഗ് കമ്പനി നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന എൻഎസ്എസ് വാദത്തിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധി മറന്ന് കൊണ്ട് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വിമർശിച്ചു.