Asianet News MalayalamAsianet News Malayalam

അഭിമാന നിമിഷം, ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം; ക്രൂ എസ്കേപ്പ് സിസ്റ്റം വിജയകരമായി പൂർത്തിയായി

9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു.

Gaganyaan mission test flight launch successful apn
Author
First Published Oct 21, 2023, 10:26 AM IST

നുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്ന് സുരക്ഷിത പുറത്തെത്തിക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇന്ന് നടന്നത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്.  

ഗഗന്‍യാന്‍ പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട് പരിക്ഷണം വിജയിച്ചു

ഗഗൻയാൻ ദൗത്യങ്ങൾക്ക് മുന്നോടിയായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണമാണ് നടന്നത്. വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ‌ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. പ്രത്യേകം രൂപകൽപ്പന ചെയ്ത വിക്ഷേപണ വാഹനമാണ് ക്രൂ എസ്‍കേപ്പ് സിസ്റ്റം പരീക്ഷണത്തിനായി ഇസ്രൊ ഉപയോഗിച്ചത്. 

പ്രതികൂല കാലാവസ്ഥയും സാങ്കേതിക പ്രശ്നവുമാണ് വിക്ഷേപണം വൈകിപ്പിച്ചത്. കുതിച്ചുയരുന്നതിന് അഞ്ച് സെക്കൻഡ് മുമ്പ് റോക്കറ്റിലെ കമ്പ്യൂട്ടറുകൾ അപായ സൂചന മുഴക്കി. വിക്ഷേപണം നിർത്തി വയ്പ്പിച്ചു. പക്ഷേ പ്രതിസന്ധികളെയെല്ലാം സമചിത്തതയോടെ ഐഎസ്ആർഒ സമചിത്തതയോടെ തരണം ചെയ്തു. മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിച്ച് പത്ത് മണിയോടെ പുത്തൻ പരീക്ഷണ വാഹനം ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയുമായി കുതിച്ചുയർന്നു.  

അറുപത്തിയൊന്നാം സെക്കൻഡിൽ ക്രൂ എസ്കേപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ച് റോക്കറ്റും യാത്രാ പേടകവും വേർപിരിഞ്ഞു. പതിനേഴ് കിലോമീറ്ററോളം ഉയരത്തിലെത്തിയ ശേഷം ക്രൂ എസ്കേപ്പ് സിസ്റ്റവും ക്രൂ മൊഡ്യൂളും വേർപിരിഞ്ഞു. പാരച്യൂട്ടുകൾ വിടർന്നു. ഗഗൻയാൻ യാത്രാ പേടകം മെല്ലെ താഴേക്ക്.  കടലിൽ നിന്ന് 2.4 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം രണ്ടാം ഘട്ട പാരച്യൂട്ടുകൾ തുറന്ന് വേഗം കുറച്ച്  ഇറക്കം. ശ്രീഹരിക്കോട്ടയുടെ തീരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ സുരക്ഷിതമായ ലാൻഡിങ്ങ്. ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക സംഘം ഉടൻ സ്ഥലത്തെത്തി പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്തു. 

ശബ്ദത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കുമ്പോൾ വിക്ഷേപണ വാഹനത്തിന്  അപകടം സംഭവിച്ചാൽ യാത്രക്കാരെ രക്ഷിക്കാനുള്ള സാങ്കേതിക തികവ് നമ്മുക്കുണ്ടെന്നാണ് ഇന്നത്തെ പരീക്ഷണത്തോടെ ഇസ്രൊ തെളിയിച്ചിരിക്കുന്നത്. ഇനി ധൈര്യമായി ആദ്യ ഗഗൻയാൻ ദൗത്യത്തിലേക്ക് കടക്കാം. യഥാർത്ഥ ഹ്യൂമൻ ലോ‌ഞ്ച് വെഹിക്കിൾ ഉപയോഗിച്ചുള്ള ആദ്യ ആളില്ലാ ദൗത്യം 2024 ആദ്യമുണ്ടാകും. ടെസ്റ്റ് വെഹിക്കിൾ എന്ന പുതിയ ചെറു വിക്ഷേപണ വാഹനത്തിന്റെ ക്ഷമതയും ഇന്ന് പരീക്ഷിക്കപ്പെട്ടു. സമീപഭാവിയിൽ നടക്കാൻ പോകുന്ന കൂടുതൽ സാങ്കേതിക പരീക്ഷണങ്ങൾക്ക് ഇതേ വിക്ഷേപണ വാഹനം ഉപയോഗിക്കും.

 

 

 

 

Follow Us:
Download App:
  • android
  • ios