കേരളത്തിൽ ഭരണമാറ്റം വേണമെന്ന് അഭിപ്രായം തുറന്നു പറഞ്ഞ് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തുടർ ഭരണം പാർട്ടികളെ തത്വങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും, ഭരണമാറ്റം ഇടതുപക്ഷത്തിന് പോലും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം-ബിജെപി ഡീൽ വിവാദത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ ചൂടേറിയ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. നിലവിലെ ഭരണത്തിൽ മാറ്റം വേണമെന്നുള്ള അദ്ദേഹത്തിന്റെ തുറന്ന പരാമർശമാണ് സംസ്ഥാനത്ത് വിവാദത്തിനും ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്. ഒരേ മുന്നണി അധികാരത്തിൽ തുടരുന്നത് ആശയപരമായ വ്യക്തത കുറയാൻ ഇടയാക്കിയേക്കാം. അധികാരത്തിൽ തുടരാൻ പലപ്പോഴും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിന് പോലും ഭരണമാറ്റം ഗുണകരമാകുമെന്നും സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി. മതേതരത്വത്തിന് വളക്കൂറുള്ള മണ്ണായതിനാൽ ബിജെപി കേരളത്തിൽ ഒരു അധികാരശക്തിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് ഉദാഹരണമായി അദ്ദേഹം പരാമർശിച്ചത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യമായിരുന്നു. അധികാരത്തിന് പുറത്തിരുന്ന കാലഘട്ടം ചില പാർട്ടികൾക്ക് സംഘടനാശക്തി പുനഃസ്ഥാപിക്കാനും ജനങ്ങളുമായി കൂടുതൽ അടുത്ത് ബന്ധപ്പെടാനും സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേ സമയം സിപിഎമ്മും ബിജെപിയും തമ്മിലുളള ഡീൽ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീ അടക്കമുള്ള പദ്ധതികളിന്മേലുണ്ടായ വിവാദം വച്ച് നോക്കുമ്പോൾ അങ്ങനെ സംശയിക്കാതിരിക്കാൻ വകയൊന്നുമില്ലെന്നും ഒരു ഇടതുപക്ഷ സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
പൊതുവെ രാഷ്ട്രീയ പ്രസ്താവനകളിൽ സജീവമായി ഇടപെടാറില്ലാത്ത ഒരു പ്രമുഖ വ്യക്തിയിൽ നിന്നാണ് ഇത്തരം പരാമർശങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ കേരള സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരുടെയും പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.


