അങ്കമാലി: വിവാദ ഭൂമി ഇടപാടിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ മാര്‍പ്പാപ്പയുടെ അഴിച്ചുപണി. ആരോപണത്തെ തുടർന്ന് ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പൂർണ്ണ ഭരണച്ചുമതലയിലേക്ക് തിരിച്ചുകൊണ്ടുവന്നു. സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ എന്നിവരെ തൽസ്ഥാനത്ത് നിന്നും നീക്കി. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്ന് സിറോ മലബാർ സഭ വാർത്താ കുറിപ്പിൽ അറിയിച്ചു.

സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാൻ മാർപ്പാപ്പ  നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചാണ് വത്തിക്കാന്‍റെ നിർണ്ണായക നീക്കം. ആരോപണത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല ഒഴിയേണ്ടിവന്ന കർദ്ദിനാൾ മാർ ജോർജ് ആല‌ഞ്ചേരി പൂർണ്ണ ഭരണ അധികാരത്തോടെ തിരിച്ചെത്തും. അതിരൂപതയുടെ പ്രതിമാസ വരവ് ചെലവുകൾ അടക്കമുള്ളവയുടെ വിശദാംശം കർദ്ദിനാൾ സിനഡിന് കൈമാറണം.

കർദ്ദിനാളിനെതിരായി ഭൂമി ഇടപാടിൽ നിലപാടെടുത്ത സഹായ മെത്രാൻമാരായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ തൽസ്ഥാനത്ത് നിന്ന് പകരം ചുമതലയില്ലാതെ നീക്കി. ഇനി സിനഡായിരിക്കും സഹായ മെത്രാൻമാരുടെ ചുമതല തീരുമാനിക്കുക. ഓറിയന്‍റൽ കോൺഗ്രിഗേഷന്‍റെ ഉത്തരവ് കൈപ്പറ്റിയ കർദ്ദിനാള്‍ മാ‍‍ർ ജോർജ് ആലഞ്ചേരി  രാവിലെ ചുമതലയേറ്റു. പ്രശനങ്ങളില്ലാതെ സഭയെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അൽമായരോട് കർദ്ദിനാൾ ആവശ്യപ്പെട്ടു.

ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ വത്തിക്കാൻ നിയോഗിച്ച അപ്പോസ്തലിക് അഡ്മിനിട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനന്തോടത്തിനോട് പാലക്കാട് രൂപത മെത്രാൻ മാത്രമായി തുടരും. ഭൂമി വിവാദത്തിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഭരണച്ചുമതല വഹിക്കാനായിരുന്നു മാർ ജേക്കബ് മനന്തോടത്തോട് ആവശ്യപ്പെട്ടിരുന്നത്. സ്ഥനാമാറ്റ സൂചന ലഭിച്ചതിന് പിറകെ സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് പ്രതിഷേധ സൂചകമായി ബിഷപ്പ് ഹൗസ് വിട്ടിരുന്നു.