പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച സിപിഎമ്മുകാർക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര സമരം. കൊവിഡ്  മുൻകരുതലിന്‍റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന  വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നവീൻ, സനിൽ, ജിൻസൺ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍  പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.

പൊലീസ് കേസെടുത്തതോടെ  പ്രതികളായ സിപിഎം പ്രവർത്തകർ പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു. എന്നാൽ നിസ്സാര വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഉണ്ടാക്കുകയാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി മൊഴി ശരിയായി രേഖപ്പെടുത്തിയില്ലെന്നും വീട്ടുകാർ പരാതിപ്പെട്ടു.  പൊലീസ് നടപടിക്കെതിരെ പെൺകുട്ടി വീട്ടുമുറ്റത്ത് നിരാഹാരം ഇരുന്നു. 

ഇതോടെ പൊലീസ് വീണ്ടുമെത്തി വീട്ടുകാരുടെ മൊഴി എടുത്തു. ക്വാറന്‍റൈനിലായതിനാലാണ് മൊഴി എടുക്കാതിരുന്നതെന്നാണ് പൊലീസിന്‍റെ വാദം. സംഭവത്തിൽ ആകെ 6 സിപിഎം പ്രവർത്തകരാണ് ഇതുവരെ അറസ്റ്റിലായത്, വീടാക്രമിച്ചത് വിവാദമായതോടെ പാർട്ടി പ്രവർത്തർകരെ സിപിഎം സസ്പെൻഡ് ചെയ്തിരുന്നു. കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനി ക്വാറന്‍റൈനിൽ തുടരുമ്പോൾ അച്ഛൻ പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു  വീടിന് നേരെ ആക്രമണം നടത്തിയത്.  

Read More: കൊവിഡ് നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച സിപിഎമ്മുകാർ കീഴടങ്ങി 

 കൊവിഡ്  മുൻകരുതലിന്‍റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന  വിദ്യാർത്ഥിനിയുടെ വീട് ആക്രമിക്കുകയും പിതാവിനെതിരെ വധ  ഭീഷണി മുഴക്കുകയും മോശം പ്രചാരണം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി  നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.