ചെലവായ ഏഴു കോടിയും കിട്ടണമെന്ന നിലപാട് ആവർത്തിക്കുകയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി. എന്നാൽ ഇനി 1.06 കോടി രൂപ മാത്രമേ നൽകുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ.
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായതിൽ 55 ലക്ഷം കൂടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൽകി ദേവസ്വം ബോർഡ്. ബാക്കിയുളള 1.06 കോടി, സ്പോൺസർമാരെ കിട്ടിയാൽ മാത്രം കൈമാറാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ തീരുമാനം. ചെലവായ ഏഴ് കോടിയും ലഭിക്കണമെന്ന നിലപാടിലാണ് കരാർ കമ്പനി. വൻ തുക നൽകാൻ സന്നദ്ധരായ സ്പോൺസർമാരെ കണ്ടെത്താനാകാത്തതാണ് ദേവസ്വം ബോർഡിന് തലവേദനയാകുന്നത്. സംഗമത്തിന്‍റെ ചെലവിനത്തിൽ ഇതുവരെ ഊരാളുങ്കലിന് കീഴിലുള്ള ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് നൽകിയ് 3.69 കോടി രൂപയാണ്. ബാക്കി തുക ഇനി സ്പോൺസർഷിപ്പ് തുക കിട്ടിയ ശേഷം മാത്രമേ നൽകുവെന്ന് ബോർഡ് സ്ഥാപനത്തെ അറിയിച്ചു.
ഊരാളുങ്കലിന്‍റെ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി ഐഐഐസിക്ക് ബോർഡ് നൽകുമെന്ന് പറഞ്ഞത് 4.75 കോടി രൂപയാണ്. ഇതുവരെ നൽകിയത് 3.69 കോടി മാത്രമാണ്. ഇതിന് പുറമേയാണ് 55 ലക്ഷം കഴിഞ്ഞ ദിവസം കൈമാറിയത്. സ്പോൺസർഷിപ്പ് തുകയിൽ നിന്നാണ് പണം നൽകിയത്. ധനലക്ഷ്മി ബാങ്ക്, കേരള ബാങ്ക്,അദാനി ഗ്രൂപ്പ് എന്നീ സ്പോൺസർമാരിൽ നിന്നായി കിട്ടിയത് 3.85 കോടി മാത്രണെന്നും ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് നൽകാനുളളതും താമസച്ചെലവുമടക്കം ബോർഡ് കണക്കാക്കിയ 4.99 കോടിയിലെത്താൻ ഇനിയും സ്പോൺസർമാരെ കണ്ടെത്തണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
അയപ്പസംഗമത്തിന് സഹായം വാഗ്ദാനം ചെയ്ത സ്പോൺസർമാരെ സമീപിച്ചെങ്കിലും കാര്യം നടന്നില്ല. സ്പോൺസർഷിപ്പ് കിട്ടിയാൽ മാത്രമേ കമ്പനിക്ക് ബാക്കി തുക നൽകൂ എന്നാണ് ബോർഡ് നിലപാട്. എന്നാൽ ഐഐഐസി ഇത് അംഗീകരിക്കുന്നില്ല. ചെലവായ 7.11 കോടി രൂപ കിട്ടണം എന്നതിൽ ഊരാളുങ്കൽ ഉറച്ചുനിൽക്കുകയാണ്. നേരത്തെ ദേവസ്വം ബോർഡിന്‍റെ ബജറ്റിൽ നിന്ന് അഞ്ച് കോടി വകമാറ്റി 3 കോടി കരാറുകാർക്ക് അഡ്വാൻസായി നൽകിയിരുന്നു. കണക്കുകൾ വിവാദമായതോടെ സ്പോൺസർഷിപ്പ് കിട്ടിയതിൽ നിന്ന് തുക തിരിച്ചുപിടിച്ചു. സ്പോൺസർമാരെ കിട്ടാതിരിക്കുകയും കരാർ കമ്പനി സമ്മർദം തുടരുകയും ചെയ്താൽ ബോർഡ് കുഴപ്പത്തിലാകും.


