കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ ഓഫീസിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കോടതിയിലേക്ക് എത്തിക്കുന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും ഓഫീസിലേക്ക് എത്തിച്ചത്. പ്രതികളുമായി ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി.

പ്രതികളുടെ കൊവിഡ് പരിശോധനാഫലം ഇന്ന് തന്നെ ലഭിക്കുകയാണെങ്കില്‍ ഫലമനുസരിച്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും എന്‍ഐഎയുടെ ശ്രമം. കൊവിഡ് ഫലം വൈകുകയാണെങ്കില്‍ പ്രതികളെ കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ സെല്ലിലേക്ക് മാറ്റിപാര്‍പ്പിക്കും. സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ സ്വപ്‍നയില്‍ നിന്ന് ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്. 

 

പുലർച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിന്‍റെ ടയറ് പഞ്ചറായതോടെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടര്‍യാത്ര നടത്തിയത്. വാളയാര്‍ അതിര്‍ത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു.  പ്രധാന ജംക്ഷനുകളിൽ എല്ലാം വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. വാഹനങ്ങൾക്ക് മുന്നിൽ ചാടി വീണ പ്രതിഷേധക്കാരെ നീക്കാൻ പോലീസ് നന്നേ പണിപ്പെട്ടു.