തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നതിൽ വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം മികച്ച രീതിയിൽത്തന്നെ നടക്കുകകയാണെന്നും, അതിൽ ആർക്കാണിത്ര വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. എൻഐഎയ്ക്ക് അന്വേഷിച്ച് എവിടെ വരെ വേണമെങ്കിലും എത്താം. അതിൽ ഒരു തരത്തിലുള്ള എതിർപ്പും തനിക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറയുന്നു.

'എൻഐഎ അന്വേഷണം മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുകയാണ്. വ്യക്തമായ രീതിയിൽ അന്വേഷണം തുടരുന്നു എന്നതിൽ ആർക്കാണിത്ര വേവലാതി. ആർക്കും എവിടെ വേണമെങ്കിലും അന്വേഷിച്ച് എത്താം. അതിൽ ഒരു എതിർപ്പുമില്ല. എനിക്ക് ഇതിൽ പുതുതായി പറയാനൊന്നുമില്ല താനും', എന്ന് മുഖ്യമന്ത്രി. 

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരെ കൂടുതൽ നടപടിയുമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: ''ആ കമ്പനിയെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് തന്നെ നടപടികൾ സ്വീകരിക്കും. അതിൽ മറ്റ് കാര്യങ്ങളൊന്നും ഉയർത്തേണ്ടതില്ല''. പിഡബ്ല്യുസിയെ ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളിൽ നിന്നും ഒഴിവാക്കാനാണ് ചീഫ് സെക്രട്ടറി പ്രത്യേക ഉത്തരവിലൂടെ തീരുമാനിച്ചത്.  

അതേസമയം, പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള ശുപാർശ ഉദ്യോഗസ്ഥതലത്തിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനും മുഖ്യമന്ത്രി തയ്യാറായില്ല. 

നിലവിൽ തിരുവനന്തപുരത്തെ പേരൂർക്കട പൊലീസ് ക്ലബ്ബിൽ വച്ചാണ് എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയുമാണ്.