തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായ ഇദ്ദേഹത്തിന് സ്വര്‍ണ്ണക്കടത്ത് കേസുമായുള്ള ബന്ധം, സ്വപ്നയുമായുള്ള പരിചയം എന്നിവയടക്കം കസ്റ്റംസ് ചോദിച്ചേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോയാണ് അരുൺ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്‍റെ നി‍ർദേശ പ്രകാരം അരുൺ ബാലചന്ദ്രനാണ് സെക്രട്ടേറിയറ്റിന് സമീപം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി ഫ്ലാറ്റ് കണ്ടെത്തി നൽകിയത്. ഇവിടെയിരുന്നാണ് പ്രതികൾ കളളക്കടത്തിനുളള ഗൂഡാലോചന നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. 

അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്ന; ദുബായിലെ കേസ് ഒഴിവാക്കാൻ സഹായം തേടി

അതിനിടെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ജനം ടിവി കോഡ‍ിനേറ്റിംഗ് എഡിറ്റര്‍ അനിൽ നമ്പ്യാര്‍ക്കെതിരെയുള്ള സ്വപ്ന നൽകിയ മൊഴി പുറത്തുവന്നു. കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ കഴിയവേ സ്വപ്ന നല്‍കിയ മൊഴിയാണ് പുറത്ത് വന്നത്.  സ്വര്‍ണം കണ്ടെടുത്ത ദിവസം, ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള  മാര്‍ഗം അനില്‍ നമ്പ്യാര്‍ ഉപദേശിച്ചതായി മൊഴിയില്‍ പറയുന്നു. ബിജെപി സര്‍ക്കാരിനെ സഹായിക്കാന്‍ കോണ്‍സുലേറ്റിനോട് ആവശ്യപ്പെടണമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും മൊഴിയിലുണ്ട്.