Asianet News MalayalamAsianet News Malayalam

'സ്വർണ്ണക്കടത്തിന് ശിവശങ്കർ ഒത്താശ ചെയ്തു'; കിട്ടുന്ന പണം എവിടെ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചുവെന്ന് ഇഡി

നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്ന് ഇഡി.

gold smuggling case ed against sivasankar
Author
Kochi, First Published Nov 12, 2020, 10:08 AM IST

കൊച്ചി: സ്വർണ്ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്ന മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എൻഫോഴ്സ്മെന്‍റ്. കള്ളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബര്‍ 11 ന്  ഇത് സംബന്ധിച്ച വാട്സപ്പ് സന്ദേശം അയച്ചുവെന്നും ഇഡി പറയുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ ഇഡിയുടെ എതിർ സത്യവാങ്മൂലം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
 
കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണാണ് മൂന്നാമത്തെ ലോക്കര്‍ തുടങ്ങാൻ ശിവശങ്കര്‍ പദ്ധതിയിട്ടതെന്ന് ഇഡി പറയുന്നു. നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാൻ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചു. കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫീസറെ വിളിച്ചതെന്നും ശിവശങ്കർ മൊഴി നൽകിയയിട്ടുണ്ട്.  ഇതിലൂടെ ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് മനസിലാക്കുന്നതെന്ന് ഇഡി പറയുന്നു. ലൈഫ് മിഷന്റെ പദ്ധതി രേഖകൾ സ്വപ്നയ്ക്ക് കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിനറെ ഈ നടപടിയെന്നും ഇഡി വ്യക്തമാക്കുന്നു. 

എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുളള ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാൽ റിമാൻഡ് ചെയ്യണമെന്ന് എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെടും. എന്നാൽ, ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്. സ്വർണക്കളളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്‍റേതുകൂടിയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞതായി ഇഡി ഇന്നലെ കോടതിയെ അറിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കുവേണ്ടിയാണ് എൻഫോഴ്സ്മെന്‍റ് ഒരു ദിവസത്തേക്ക് കൂടി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയത്.

Follow Us:
Download App:
  • android
  • ios