കൊച്ചി: സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കടുത്ത നടപടി എടുക്കണമെന്ന് റിട്ട. ജസ്റ്റിസ് കമാൽ പാഷ. ഉദ്യോഗസ്ഥന്‍റെ ധാർമികത സുപ്രധാനമാണെന്നും കേസെടുത്ത് അന്വേഷണം നടത്തിയില്ലെങ്കിൽ അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുകയെന്നും കെമാൽ പാഷ നമസ്തെ കേരളത്തിൽ അഭിപ്രായപ്പെട്ടു. 

 

ഉദ്യോഗസ്ഥന്റെ ധാർമികത സുപ്രധാനമാണ്, അച്ചടക്ക നടപടിയെടുക്കുകയും സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തില്ലെങ്കിൽ ഇത് തെറ്റായ സന്ദേശം പൊതു ജനത്തിന് നൽകുമെന്നായിരുന്നു കെമാൽ പാഷയുടെ അഭിപ്രായം. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന ആരോപണത്തിൽ സ്വപ്നക്കെതിരെ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും കേസെടുത്ത് അന്വേഷണം നടത്തേണ്ടതാണെന്നും കെമാൽ പാഷ പറഞ്ഞു. 
 
വഞ്ചനയ്ക്കും വ്യാജരേഖയ്ക്കും കേസെടുക്കാൻ പ്രത്യേക പരാതി വേണ്ടെന്നും മുൻ ഹൈക്കോടതി ജസ്റ്റിസ് പറ‍ഞ്ഞു. യുഎപിഎ ചുമത്തിയ സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തിന്‍റെ സാമ്പത്തിക സന്തുലാവസ്ഥയെ തകിടം മറിക്കുന്നതായി തെളിയിക്കാനാകുമെങ്കിൽ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്നതാണെന്നും കെമാൽ പാഷ വിശദമാക്കി.