Asianet News MalayalamAsianet News Malayalam

ഫ്ലാറ്റ് എടുത്ത് കൊടുത്തത് ശിവശങ്കർ പറ‌‌ഞ്ഞിട്ട്: ചാറ്റ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ

ആറ് ദിവസത്തേക്ക് തന്‍റെ സുഹൃത്തിനും കുടുംബത്തിനും താൽക്കാലികമായി താമസിക്കാൻ സ്ഥലം വേണമെന്നാണ് ശിവശങ്കർ പറഞ്ഞതെന്ന് അരുൺ ബാലചന്ദ്രൻ പറയുന്നു. ഇതേ ദിവസങ്ങളിൽ എതിർവശത്തെ ഹോട്ടലിൽ മുറിയെടുത്ത നാല് പേരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. 

gold smuggling case m sivasankar asked me to get a flat for swapna suresh and family says arun balachandran
Author
Thiruvananthapuram, First Published Jul 15, 2020, 5:10 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്കായി സെക്രട്ടേറിയറ്റിന് സമീപം മുറിയെടുത്ത് കൊടുത്തത് എം ശിവശങ്കർ പറ‌ഞ്ഞിട്ടാണെന്നതിന് തെളിവ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ. ജയശങ്കർ എന്ന സുഹൃത്തിനും കുടുംബത്തിനും വീട് മാറുന്നതിനാൽ ആറ് ദിവസത്തേക്ക് താൽക്കാലിക താമസത്തിന് ഫ്ലാറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് താൻ അന്വേഷിച്ച് ഫ്ലാറ്റ് കണ്ടെത്തി നൽകിയെന്നാണ് അരുൺ ബാലചന്ദ്രൻ വ്യക്തമാക്കുന്നത്. സെക്രട്ടേറിയറ്റിന് സമീപത്ത് ശിവശങ്കർ താമസിച്ചിരുന്ന അതേ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഈ മുറിയും ഉള്ളത്. 

അതേസമയം, ഇവർ ഇവിടെ താമസിച്ച അതേ ദിവസങ്ങളിൽ എതിർവശത്തെ ഹിൽട്ടൻ എന്ന ഹോട്ടലിൽ മുറിയെടുത്ത നാല് പേരെക്കുറിച്ചും അന്വേഷണം നടത്തി വരികയാണ് കസ്റ്റംസ്. അതിന്‍റെ ഭാഗമായാണ് ശിവശങ്കറിന്‍റെ ഈ ഫ്ലാറ്റിലും എതിർവശത്തുള്ള ഹോട്ടലിലും സമാന്തരമായി കസ്റ്റംസ് പരിശോധന നടത്തുന്നത്. 

സ്വർണ്ണക്കടത്തിലെ കൂടുതൽ ഉന്നതതലബന്ധങ്ങളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായും എം ശിവശങ്കറുമായും അടുത്ത ബന്ധം പുലർത്തുന്ന അരുൺ ബാലചന്ദ്രൻ പ്രതികൾക്കായി മുറി ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് ആദ്യം കിട്ടിയ വിവരം. സെക്രട്ടറിയേറ്റിന് സമീപം ശിവശങ്ക‍ർ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് മുറിയെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് അരുൺ എന്നയാൾ വിളിച്ചുപറഞ്ഞാണ് മുറിയെടുത്തതെന്നാണ് ഫ്ലാറ്റിലെ കെയർടേക്ക‌ർ ഫോൺ സംഭാഷണം അടക്കം കസ്റ്റംസിന് കൈമാറിയത്. ജയശങ്കർ എന്ന തന്‍റെ സുഹൃത്തിന് വേണ്ടി മുറിയെടുക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നാണ് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെളിവായി വാട്സാപ്പ് ചാറ്റും കൈമാറി. 

ജയശങ്കർ സ്വപ്നയുടെ ഭർത്താവാണ്. സ്വപ്നയും സരിത്തും അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റ് സമീപത്തെ ഫ്ളാറ്റ് കേന്ദ്രീകരിച്ചെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. അരുൺ പറഞ്ഞതനുസരിച്ചെങ്കിൽ ശിവശങ്കർ സ്വപ്നയടക്കമുള്ള പ്രതികൾക്കായി കൂടുതൽ ഇടപെട്ടു എന്ന് വ്യക്തം. 

2017 സെപ്റ്റംബർ മുതൽ 2019 ജുലൈ വരെ അരുൺ ബാലചന്ദ്രൻ സിഎം ഐടി ഫെല്ലോ എന്ന തസ്തികയിലായിരുന്നു ജോലി ചെയ്തിരുന്നത്. നിലവിൽ ശിവശങ്കറിന് കീഴിൽ ഹൈ പവർ ഡിജിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ മാർക്കറ്റിംഗ് ആന്‍റ് ഓപ്പറേഷൻസ് ഡയറക്ടർ ആണ് അരുൺ ബാലചന്ദ്രൻ. സർക്കാരിന്‍റെ ഐടി പദ്ധതികളുടയെല്ലാം പിന്നിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി. 

അരുൺ നേരത്തെയും ഈ ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്തോ എന്നതടക്കം കസ്റ്റംസ് പരിശോധിക്കും. ഇന്നലെ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് കേസിലെ പ്രതി സരിത്തിനെ അറിയാമെന്ന് ശിവശങ്കർ സമ്മതിച്ചത്. സ്വപ്ന വഴിയാണ് പരിചയപ്പെട്ടതെന്നാണ് വിശദീകരണം. ഇപ്പോൾ പ്രാഥമികമായുള്ള മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ശിവശങ്കറിന്‍റെ മൊഴികൾ കസ്റ്റംസ് വിശദമായി പരിശോധിച്ച് ശേഷം വീണ്ടും ചോദ്യം ചെയ്യലുണ്ടാകും എന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios