കൊച്ചി: വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് എതിരായ കൂടുതൽ തെളിവുകൾ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകൾ ഹാജരാക്കാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഈ നിർദ്ദേശം നൽകിയത്.  സ്വർണ കള്ളകടത്തിൽ വൻ ഗൂഢാലോചന ഉണ്ടെന്നാണ് എൻഐഎ വാദം.

കേസ് എൻഐഎ സമഗ്രമായി അന്വേഷിക്കും. കേരളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളുടെ പട്ടിക എൻഐഎക്ക് കേരള പൊലീസ് കൈമാറി. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്. പട്ടികയിൽ 300 ലധികം പേരുകളുണ്ട്.

അതേസമയം കേസിൽ സ്വർണം എത്തിക്കാൻ പണം മുടക്കിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ജൂണിൽ രണ്ട് തവണ സ്വർണം കൊണ്ടുവന്നു. കേസിൽ ഉന്നത ബന്ധമുണ്ടെന്നാണ് സംശയം. സ്വപ്നക്ക് കേരളം വിടാൻ  കള്ളക്കടത്ത് കേസിൽ സംശയിക്കുന്ന ഉന്നതരുടെ സഹായം കിട്ടിയെന്നും കസ്റ്റംസ് പറയുന്നു. ജ്വല്ലറി വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നത് റമീസാണെന്ന് കണ്ടെത്തി. റാക്കറ്റിൽ സന്ദീപിന് മുകളിലുള്ള കണ്ണിയാണ് റമീസ്. ജ്വല്ലറികൾക്ക് സ്വർണം നൽകുന്നത് റമീസ് വഴിയാണ്. 

കൊടുവള്ളി മേഖലയിലെ സ്വർണ വിൽപ്പനയുടെ തെളിവ് ലഭിച്ചു. ഇന്നലെ ഉച്ചക്ക് കൊച്ചിയിൽ ചോദ്യം ചെയ്തത് ഫാസിലുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ്. ഫാസിലിനെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മാത്രമായിരുന്നു ഇയാളെ ചോദ്യം ചെയ്തത്. ഇയാൾക്ക് സ്വർണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.