തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണത്തിന്‍റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങൾ മുഴുവനായി പകർത്തി നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് പൊതു ഭരണ വകുപ്പ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സെക്രട്ടേറിയറ്റിൽ സുരക്ഷിതമായി ഉണ്ട്. ആവശ്യമുള്ള ഭാഗങ്ങള്‍ പകർത്തി നൽകുന്നതിൽ തടസ്സമില്ലെന്നുമാണ് സർക്കാരിന്‍റെ നിലപാട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ സെക്രട്ടേറിയറ്റിൽ എത്തിയിരുന്നോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത്. കഴിഞ്ഞ വ‍ർഷം ജൂണ്‍ ഒന്നു മുതൽ ഈ വർഷം ജൂണ്‍ 12വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യം. ആവശ്യപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങള്‍ കൈമറിയിട്ടില്ല. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് എൻഐഎ ഉദ്യോഗസ്ഥർ വീണ്ടും സർക്കാരിനെ സമീപിച്ചിട്ടുമില്ല. 

83 ക്യാമറകളിലെ ഒരു വർഷത്തെ ദൃശ്യങ്ങള്‍ ഹാർഡ് ഡിസ്ക്കിൽ സുരക്ഷമാണെന്നെന്ന് പൊതുഭരണവകുപ്പ് പറയുന്നു. ഇത് മുഴുവൻ പകർത്താൻ 400 ടെറാ ബൈറ്റ് ശേഷയുള്ള ഹാ‍ർഡ് ഡിസ്ക്ക് വിദേശത്തുനിന്നും വരുത്തണമെന്നാണ് വിശദീകരണം. ഇത്തരം സംഭരണ ശേഷമുള്ള ഹാർഡ് ഡിസ്ക്ക് തായ്വാനിൽ നിന്നും വാങ്ങാനായി ശ്രമിച്ചപ്പോള്‍ 68 ലക്ഷം രൂപ വേണ്ടിവരുമെന്ന് വ്യക്തമാക്കി ശ്രമം ഉപേക്ഷിച്ചുവെന്നാണ് സൂചന.

എൻഐഎക്ക് ആവശ്യമുള്ള ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റിൽ നിന്നും പരിശോധിക്കുകയോ, കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങള്‍ പകർത്തു കൊണ്ടുപോവുകയോ ചെയ്യാമെന്നും പൊതുഭരണവകുപ്പ് പറയുന്നു. എന്തായാലും ദൃശ്യങ്ങള്‍ പകർത്തി നൽകാനുള്ള നീക്കം ഇപ്പോള്‍ പൊതുഭരണവകുപ്പിൽ ഇല്ലെന്നാണ് മനസിലാക്കുന്നത്.  ഇനി എൻഐഎ എന്തു പറയുമെന്ന് കാത്തിരിക്കുകയാണ് സർക്കാർ.

ഇക്കാര്യത്തിൽ ഇനി എൻഐഎയുടെ നീക്കം നിർണായകമാണ്. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാൻ നോട്ടീസ് നൽകുകയാണ് ആദ്യപടിയായി ചെയ്തതെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ പറയുന്നത്. ആവശ്യം വരുന്ന സാഹചര്യത്തിൽ തുടർ നപടികളുണ്ടാകുമെന്നാണ് എൻഐഎ വൃത്തങ്ങള്‍ പറയുന്നത്