Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത്: എൻഐഎ സംഘം കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിലെത്തി, കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നു

കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മൂന്ന് പേരെയും ചോദ്യം ചെയ്യുന്നുണ്ട്. പിഎസ് സരിത്തിനെയും റമീസിനെയും ഇന്ന് ഉച്ചയോടെ പിടിയിലായ ആളെയുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്

gold smuggling case NIA interrogating accused in customs custody
Author
Thiruvananthapuram, First Published Jul 12, 2020, 7:54 PM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിലെത്തി. എൻഐഎ എഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷണറുടെ ഓഫീസിലെത്തിയത്.

കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മൂന്ന് പേരെയും ചോദ്യം ചെയ്യുന്നുണ്ട്. പിഎസ് സരിത്തിനെയും റമീസിനെയും ഇന്ന് ഉച്ചയോടെ പിടിയിലായ ആളെയുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സരിത് അന്വേഷണ സംഘത്തിന് നൽകി. സ്വർണ്ണം ആരാണ് അയക്കുന്നത്, ആർക്കാണ് നൽകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി അറിയുന്നത് സ്വപ്നയ്ക്കാണെന്നാണ് മൊഴി.

ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സ്വപ്‌നയെ സംബോധന ചെയ്തത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കോടതി റിമാന്റ് ചെയ്തതിനെ തുടർന്ന് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻഐഎ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ വീണ്ടും ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.

തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തി. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥർ നടത്തിയത്. അയൽവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടിൽ എൻഐഎ നിരീക്ഷണം ഏർപ്പെടുത്തി. റമീസിന്റെ പെരിന്തൽമണ്ണയിലെ വെട്ടത്തൂരിലെ വീട്ടിൽ കസ്റ്റംസും പരിശോധന നടത്തി. പെരിന്തൽമണ്ണ എഎസ്‌പി എം ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം എത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios