സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. മലപ്പുറത്ത് നിന്ന് കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും. 

മലപ്പുറം: സ്വർണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ പിടിയില്‍. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്നയാളാണ് പിടിയിലായത്. മലപ്പുറത്ത് നിന്ന് കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൊച്ചിയിലെത്തിച്ചു. സ്വർണം ആർക്കെല്ലാം നൽകിയെന്ന കാര്യത്തില്‍ കസ്റ്റംസിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം സ്വദേശി അറസ്റ്റിലായത്. കേരളത്തിന് പുറത്തും വിൽപ്പന നടത്തി എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ആവശ്യക്കാർ മുൻകൂർ പണം നൽകിയും സ്വർണം വരുത്തി എന്നാണ് കണ്ടെത്തല്‍.

അതേസമയം, പിടിയിലായ സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ നിന്നാണ് ഇന്നലെ രാത്രിയോടെ സ്വപ്നയെയും സന്ദീപിനെയും എൻഐഎ പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. ഇവരെ ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരുടെയും സുരക്ഷയും ബെംഗളൂരുവിലെ ലോക്ഡൗണും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജറാക്കാനായിരിക്കും അന്വേഷണ സംഘത്തിന്‍റെ നീക്കം.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോൾ വന്നത്. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പ്രതികൾ ബെംഗളൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോൾ സ്വപ്നയ്ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.