കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളെ എന്‍ഐഎ കോടതിയിൽ എത്തിച്ചു. പ്രത്യേക കോടതി ജഡ്‍ജി പി കൃഷ്ണകുമാറിന് മുമ്പാകെ അല്‍പ്പസമയത്തിനകം ഇരുവരെയും ഹാജരാക്കും. എൻഐഎ ഓഫിസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പ്രതികളെ  കോടതിയിലേക്ക് എത്തിച്ചത്. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഇന്ന് എന്‍ഐഎ കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികളുമായി എൻഐഎ ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയപ്പോൾ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി.

പുലർച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവിൽ നിന്നും പ്രതികളുമായി എൻഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. ഇരുവരെയും കൊച്ചിക്ക് കൊണ്ടുവരും വഴി വടക്കഞ്ചേരിയിൽ വച്ച് വാഹനത്തിന് കേടുപാടുണ്ടായി. ബെംഗളൂരുവില്‍ നിന്ന് വരുന്നവഴിയാണ് വടക്കഞ്ചേരിയിൽ വച്ച് വാഹനം കേടായത്. ടയര്‍ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ കയറ്റിയാണ് കൊച്ചിയിലേക്കുള്ള തുടര്‍യാത്ര നടന്നത്.  വാളയാർ അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങളിലായി കൊണ്ടുവന്ന സ്വപ്നയേയും സന്ദീപിനേയും റോഡരികിൽ വണ്ടി നിര്‍ത്തി കുറച്ച് കൂടി വലിയൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുകയായിരുന്നു. മുഖം മറച്ച നിലയിലാണ് പ്രതികൾ ഉണ്ടായിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി ചെന്നെങ്കിലും പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല  

വാളയാര്‍ അതിര്‍ത്തി കടന്നത് മുതൽ വഴിനീളെ പ്രതിഷേധം ആണ് വാഹവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്. വാളയാറിൽ അടക്കം വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എടുത്ത് ചാടുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധങ്ങൾ തുടരുമെന്നിരിക്കെയാണ് സുരക്ഷിതമായ മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചത്.  പതിനൊന്നരയോടെ വാളയാറിൽ എത്തിയ സംഘം വടക്കഞ്ചേരി കുതിരാൻ വഴി തൃശൂര്‍ പാലിയേക്കര വഴി കൊച്ചിക്ക് എത്തുകയായിരുന്നു. പ്രതികളുമായി ഓഫീസിലേക്ക് വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ പൊലീസ് ലാത്തിവീശി. പ്രതികളെ ആദ്യം എന്‍ഐഎ ഓഫീസിലായിരുന്നു ഹാജരാക്കിയത്. ഇവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേക കോടതിയിലേക്ക് പ്രതികളെ എത്തിച്ചത്.