കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തില്‍ അഴിച്ചുപണി. കേസന്വേഷിക്കുന്ന പ്രിവൻ്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്പെക്ടർമാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം. പ്രിവൻ്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചന. സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവൻ്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു. ദുബായിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. മുഖ്യമന്ത്രിയുടെ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനേയും എൻഐഎ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.