കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തൻ തുടങ്ങി. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി രേഖപ്പെടുത്താൻ ജയിലിൽ നിന്നാണ് സന്ദീപിനെ കോടതിയിൽ എത്തിച്ചത്. കേസിൽ രഹസ്യമൊഴി രേഖപ്പെടുത്തണം എന്നാവശ്യപ്പെട്ട് സന്ദീപ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്താൻ ആലുവ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയത്.

സന്ദീപിന്‍റെ രഹസ്യ മൊഴി രേഖപ്പെടുക്കാൻ  ഉത്തരവിട്ട കോടതി കുറ്റസമ്മതം നടത്തിയത് കൊണ്ട് ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രതിയെ ഓർമ്മിപ്പിച്ചു. നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ  സംഭവത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ നാലം പ്രതിയാണ് സന്ദീപ് നായർ. സ്വർണ്ണക്കടത്തിന്‍റെ ഗൂഢാലോചനയിൽ മുഖ്യ കണ്ണിയെന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന പ്രതിയാണിയാൾ. കള്ളക്കടത്ത് കേസിൽ തനിക്കെതിരായ തെളിവുകളാകും താൻ പറയുന്ന കാര്യങ്ങൾ എന്ന് അറിഞ്ഞ് കൊണ്ടാണ് എല്ലാം പറയാൻ തയ്യാറാകുന്നതെന്ന് സന്ദീപ് കോടതിയെ അറയിച്ചു.

സന്ദീപിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ വരും ദിവസം എൻഐഎ  സിജെഎം കോടതിയിൽ അപേക്ഷ നൽകും. സ്വർണ്ണക്കടത്തിൽ ലഭിക്കുന്ന വരുമാനം  രാജ്യ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചിരിക്കാം  എന്നാണ്  എൻഐഎ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അത്തരം തെളിവുകൾ ഒന്നും ഹാജരാക്കാൻ എൻഐഎയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പിന്നെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുത്തിയതെന്ന് കോടതിയും ആരാഞ്ഞിരുന്നു.  സാമ്പത്തിക ഭദ്രത തകർക്കലും ദേശവിരുദ്ധ പ്രവർത്തിയായി കണക്കാക്കണമെന്നായിരുന്നു അന്ന് എൻഐഎ കോടതിയെ അറയിച്ചത്. ഈ ഘട്ടത്തിലാണ് പ്രതി രഹസ്യ മൊഴി  നൽകാൻ തയ്യാറാകുന്നതെന്നതും ശ്രദ്ധേയമാണ്.

ലൈഫ് മിഷൻ ഇടപാടിൽ യൂണിടാക് ഉടമ കമ്മീഷൻ അയച്ചത് സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്കാണ്. അത് കൊണ്ട് തന്നെ സ്വർണ്ണക്കടത്തിൽ  സന്ദീപ് നായരുടെ കുറ്റ സമ്മത മൊഴി മറ്റ് അന്വേഷണങ്ങളിലെയും നിർണ്ണയക തെളിവായേക്കുമെന്നും സൂചനയുണ്ട്.