Asianet News MalayalamAsianet News Malayalam

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്; സ്പീക്കറുടെ രാജി ആവശ്യപ്പെടും

സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ചു. പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി

gold smuggling case udf protest
Author
Trivandrum, First Published Jul 13, 2020, 1:39 PM IST

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ‍ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനം.  സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം എന്ന ആവശ്യമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. ഈ കാര്യം ഉന്നയിച്ച് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ യുഡിഎഫ് തീരുമാനിച്ചു. ഇതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയെന്ന് കൺവീനര്‍ ബെന്നി ബെഹ്നാൻ പറ‍ഞ്ഞു. 

പിണറായി വിജയൻ സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തിനാണ് കളമൊരുങ്ങുന്നത്. ധനബില്ല് പാസ്സാക്കുന്നതിന് ഈ മാസം അവസാനം ഒരു ദിവസത്തേക്ക് നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. അതിന് മുമ്പ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകും. ധനബില്ലിനുള്ള ചർച്ചയിലും പ്രതിപക്ഷത്തിനുള്ള പ്രധാന ആയുധം സ്വർണക്കടത്ത് തന്നെയായിരിക്കും.

കേരളത്തിന്റെ നിയമസഭാ ചരിത്രത്തിൽ സർക്കാരുകൾക്കെതിരെ 20 തവണയാണ് അവിശ്വാസ പ്രമേയം അവതരിപ്പിപ്പിച്ചിട്ടുള്ളത്. 64ൽ ആർ.ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയം മാത്രമാണ് വിജയിച്ചിട്ടുള്ളത്. സ്പീക്കർമാർക്കെതിരെ ആറ് തവണയും പ്രമേയം അവതരിപ്പിച്ചിട്ടുണ്ട് 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ശക്തമായ സാഹചര്യത്തിൽ പോലും ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ  എം ശിവശങ്കറിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് യുഡിഎഫ് ആരോപിച്ചു. വിവാദ സ്ത്രീയുമായി സ്പീക്കര്‍ക്കുള്ള ബന്ധവും ഇതിനകം പുറത്ത് വന്നിട്ടുണ്ടെന്ന് യുഡിഎഫ് കൺവീനര്‍ പറ‍ഞ്ഞു. സ്വര്‍ണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിൽ സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കും 

കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സമരമുറകൾ ആവിഷ്കരിക്കാനാണ് യുഡിഎഫ്  തീരുമാനം . മുഖ്യമന്ത്രി രാജിവയ്ക്കും വരെ സമരം തുടരാനാണ് തീരുമാനം എന്നും യുഡിഎഫ് വ്യക്തമാക്കി .മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 24ന് മേഖല റാലികൾ നടത്തും. അടുത്ത മാസം രണ്ടിന് സംസ്ഥാനതല വെർച്വൽ റാലി നടത്താനും തീരുമാനമായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios