കൊച്ചി: സ്വർണക്കടത്തിലെ എൻഐഎ കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കം ഒമ്പത് പ്രതികൾ നൽകിയ ജാമ്യ ഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. എൻഐഎ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഗുരുതരമായ കണ്ടെത്തൽ ഒന്നുമില്ല, മാത്രമല്ല സ്വർണ്ണക്കടത്തിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും ഇത് കസ്റ്റംസ് കേസ് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിട്ടുണ്ടെന്നുമാണ് പ്രതികളുടെ പ്രധാന വാദം. 

എൻഐഎയ്ക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാർ ഹാജരാകും. കേസിൽ അവസാന പട്ടികയിൽ വരുന്ന 10 പ്രതികൾക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോൾ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും അന്വേഷണം അതിൽ നിന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ ഇന്ന് കോടതി തീരുമാനമെടുക്കും. പകർപ്പ് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിട്ടുണ്ട്.