Asianet News MalayalamAsianet News Malayalam

കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം സ്വദേശി ഫഹദിൽ നിന്ന് 1168 ഗ്രാം സ്വർണ്ണ മിശ്രിതവും കണ്ണൂർ സ്വദേശി റമീസിൽ നിന്ന് മിക്സിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ 86 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. 

Gold worth one and a half crore seized at calicut international airport
Author
Malappuram, First Published Jul 18, 2022, 9:31 PM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ രണ്ട് പേരിൽ നിന്നായാണ് മൂന്ന്  കിലോഗ്രാം സ്വർണ്ണം പിടികൂടിയത്. രാവിലെ ഇൻഡിഗോ വിമാനത്തിലാണ് ഇവർ വന്നത്. മലപ്പുറം സ്വദേശി ഫഹദിൽ നിന്ന് 1168 ഗ്രാം സ്വർണ്ണ മിശ്രിതവും കണ്ണൂർ സ്വദേശി റമീസിൽ നിന്ന് മിക്സിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ 86 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. രണ്ട് പേരേയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കണ്ണൂരില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും മസ്ക്കറ്റിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷം രൂപ വിലമതിക്കുന്നു ഒന്നര കിലോഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. കളിപ്പാട്ടത്തിലും ലോക്കറിലും കമ്പിളിയിലും ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എം. മുഹമ്മദ് ഫായിസിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

ഐഐടി പ്രൊഫസര്‍ ചമഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകടയുടമ, 110 പവൻ സ്വര്‍ണം, കാ‍ര്‍ അടക്കം വൻ തുക സ്ത്രീധനം

മദ്രാസ് ഐഐടിയിലെ പ്രൊഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകട ഉടമ. ജാഫര്‍ഖാൻപേട്ടിലെ പെരിയാര്‍ സ്ട്രീറ്റിൽ സഹോദരങ്ങൾക്കൊപ്പം ടിഫിൻ സെന്റര്‍ നടത്തുന്ന 34 കാരനായ പ്രഭാകരനാണ് താൻ മദ്രാസ് ഐഐടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോ. ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്. 

2020 ഫെബ്രുവരി ഏഴിന് പ്രഭാകരൻ, ഷൺമുഖ മയൂരിയെ വിവാഹം ചെയ്തത്. ലക്ഷങ്ങളുടെ കടവും ബാധ്യതകളുമുള്ള പ്രഭാകരൻ താൻ ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കൾ മകളെ വിവാഹം ചെയ്ത് നൽകുകയായിരുന്നു. വലിയ സ്ത്രീധനം വാങ്ങിയാണ് മയൂരിയെ പ്രഭാകരൻ വിവാഹം ചെയ്തത്. 

110 പവൻ സ്വര്‍ണ്ണം, 15 ലക്ഷം രൂപയുടെ വാഹനം, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെന്നിവയാണ് ഇയാൾക്ക് സ്ത്രീധനമായി ലഭിച്ചത്. വിവാഹ ശേഷം ദിവസവും വീട്ടിൽ നിന്നിറങ്ങുന്ന പ്രഭാകരൻ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. വീട്ടിൽ സമയം ചിലവഴിക്കാത്തതിനെ കുറിച്ച് ചോദിച്ച മയൂരിയെ പ്രഭാകരൻ ഉപദ്രവിച്ചു. എന്നാൽ മകന് പ്രഫസര്‍ ജോലിയുടെ തിരക്ക് കാരണമാണ് വീട്ടിൽ വരാൻ കഴിയാത്തതെന്ന് പറഞ്ഞ് വീട്ടുകാര്‍ പ്രഭാകരനെ സംരക്ഷിക്കുകയാണ് ഉണ്ടായത്. 

പ്രഭാകരന്റെ രീതികളിൽ സംശയം തോന്നിയ മയൂരി, സഹോദരനെയും കൂട്ടി ഐഐടി മദ്രാസിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണവും പണവും ഉപയോഗിച്ച് പ്രഭാകരൻ വീട് പുതുക്കിപ്പണിയുകയും കടങ്ങൾ വീട്ടുകയും കട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. 

പ്രഭാകരൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ചാണ് മയൂരിയെ വിവാഹം ചെയ്തത്. മയൂരി, പൊലീസിനെ സമീപിക്കുകയും പ്രഭാകരനെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയിൽ കേസെടുത്ത പൊലീസ് പ്രഭാകരനെ അറസ്റ്റ് ചെയ്തു. ആൾമാറാട്ടം, സ്ത്രീധന പീഡനം, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രഭാകരനെതിരെ കേസെടുത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios