തിരുവനന്തപുരം: ഫോർട്ട് പൊലീസിൻറെ വാഹനം ഇടിച്ചു തെറിപ്പിച്ച് ഗുണ്ടാസംഘം രക്ഷപ്പെടാൻ ശ്രമിച്ചതിൻറെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ വൈകുന്നേരം എസ്എസ് കോവിൽ റോഡിലാണ് ഫോർട്ട് പൊലീസിനെ ആക്രമിച്ച് വീടാക്രമണക്കേസിലെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. സെക്സ് റാക്കറ്റുകള്‍ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞമാസം കമലേശ്വരത്തെ വീടാക്രമണത്തിന് പിന്നിലെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം കമലേശ്വരത്തുള്ള ഒരു വീടാക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളായ ചന്ദ്രബോസ്, ദീപക്ക് എന്ന ഫിറോസ് എന്നിവർക്കുവേണ്ടി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. വധക്കേസ് പ്രതികൾ കൂടിയായ ചന്ദ്രബോസും ദീപക്കും കൂട്ടാളിയായ വിഷ്ണുവും തമ്പാനൂർ ഭാഗത്ത് ഒരു സ്ഥലത്ത് മദ്യപിക്കുന്നുവെന്ന വിവരം കിട്ടിയ പൊലീസ് അവിടെയെത്തി. മഫ്ത്തി വേഷത്തിലെത്തിയ പൊലീസിനെ തള്ളിമാറ്റി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടാൻ ജീപ്പിൽ പൊലീസും പാഞ്ഞു. 

പ്രതികളുടെ വാഹനത്തിന് എതിരെവന്ന പൊലീസ് ജീപ്പിലേക്ക് കാർ‍ ഇടിച്ചു കയറ്റുകയാണെന്ന് സിസിടിവിയിൽ നിന്നും വ്യക്തമാണ്. കാർപിന്നോട്ടടെുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പ്രതികളെയും പൊലീസ് പിടികൂടി.  രണ്ടുപൊലീസാർക്ക് അപകടത്തിൽ പരിക്കേറ്റു. വാഹന അപകടത്തിന് തമ്പാനൂർ പൊലീസ് കേസെടുത്തു. കമലേശ്വരത്തെ വീടാക്രമണത്തിന് പിന്നിൽ സെക്സ് റാക്കറ്റുകള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.ചന്ദ്രബോസും ഫിറോസ് എന്നു വിളിക്കുന്ന ദീപക്കുമെല്ലാം തലസ്ഥാനത്തെ സെക്സ് റാക്കറ്റുകിലെ കണ്ണികളായിരുന്നു. അടുത്തിടെ സെക്സ് റാക്കറ്റ് സംഘം തെറ്റിപിരിഞ്ഞു. ദീപക്കുമായി തെറ്റിപിരിഞ്ഞ ഒരാള്‍ വാടക്കെടുത്ത  വീടാണ് കഴിഞ്ഞ മാസം ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.