ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലിസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.

ഗുണ്ടാ ആക്രമണങ്ങൾ ഇങ്ങനെ

ഡിസംബര്‍ 20: തിരുവനന്തപുരം ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കൾ വാഹനങ്ങള്‍ വെട്ടി തകർത്തു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങൾ തകർത്തത്. ഒൻപത് ലോറിയും, മൂന്നു കാറും, നാല് ബൈക്കുമാണ് തകർത്തത്. ആക്രമണത്തിനിടെ വാഹന യാത്രക്കാർക്കും പരിക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ നരുവാമൂട് സ്വദേശി മിഥുനെ പൊലീസ് പിടികൂടി

ഡിസംബര്‍ 13: നെയ്യാറ്റിൻകര ആറാലുംമൂട്ടില്‍ വീട് കയറി ഗുണ്ടാ അക്രമണം. ആറാലുംമൂട് സ്വദേശി സുനിലിന് തലയ്ക്ക് വെട്ടേറ്റു. നാലംഗം സംഘമാണ് മുളക് പൊടി വിതറിയ ശേഷം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സുനിലിന്‍റെ മകള്‍ക്കും പരിക്കേറ്റു. അക്രമി സംഘം ആറാലുംമൂട് ഭാഗത്ത് ക‌ഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. ഇക്കാര്യം സുനില്‍ പൊലീസിനെ അറിയിച്ചതാണ് പ്രകോപനത്തിന് കാരണം.

ഡിസംബര്‍ 12: ബാലരാമപുരം മുക്കംപാലമൂട് ജ്വല്ലറി ഉടമയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. അന്ന് തന്നെ നെയ്യാറ്റിൻകര ആലുമൂട്ടില്‍ നാലംഗ സംഘം വീട് കയറി ഓട്ടോറിക്ഷാ തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഡിസംബർ 11 : ഓട്ടോ റിക്ഷയിലും ബൈക്കുകളിലുമെത്തിയ 11 അംഗ ഗുണ്ടാ സംഘം പോത്തൻകോട് സ്വദശി സുധീഷിനെ വെട്ടിക്കൊല്ലുന്നു. ഇടത് പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞു. ഗുണ്ടാക്കുടിപ്പകയാണ് കൊലപാതകത്തിന് പിന്നില്‍. സുധീഷിന്‍റെ സഹോദരി ഭര്‍ത്താവടക്കം 12 പേരാണ് പ്രതികള്‍. മുഖ്യപ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ച് പോയ പൊലിസുകാരൻ കായലില്‍ വീണ് മരിച്ചു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം എല്ലാ പ്രതികളും പിടിയിലായി.

ഡിസംബര്‍ 7: തിരുവനന്തപുരം പുത്തൻ തോപ്പിൽ പിരിവ് നൽകാത്തതിനാല്‍ കോഴിക്കട ഉടമയെ ഗുണ്ടാ സംഘം മര്‍ദ്ദിച്ച് അവശനാക്കി .ഹസൻ എന്നയാൾക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥിരം കുറ്റവാളികളായ രാജേഷ്, സച്ചു, അപ്പുക്കുട്ടൻ എന്നിവരാണ് അക്രമം നടത്തിയത്. കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്കും മർദ്ദനമേറ്റു. ഇറച്ചിക്കടയിലെ വെട്ടുകത്തിയുമായി രക്ഷപ്പെട്ട സംഘം വഴിയരികിൽ നിന്ന പലരേയും ആക്രമിച്ചു.

ഡിസംബര്‍ 6: ആറ്റിങ്ങല്‍ മങ്കാട്ട്മൂലയില്‍ ഗുണ്ടാസംഘം 2 പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പോത്തൻകോട് കൊല്ലപ്പെട്ട സുധീഷാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇതിന്‍റെ തുടര്‍ച്ചയായാണ് മറു ചേരി സുധീഷിനെ വെട്ടിക്കൊന്നത്.

നവംബര്‍ 29: നെടുമങ്ങാട് അടിപിടി കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. നെടുമങ്ങാട് സ്വദേശി അരുണിനാണ് കുത്തേറ്റത്. നെടുമങ്ങാട് സ്വദേശി ഹാജയും സുഹൃത്തുമാണ് ആക്രമിച്ചത്.

നവംബര്‍ 26: തിരുവനന്തപുരം പോത്തൻകോട്ട് കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചു. വാവറമ്പലം സ്വദേശി മുഹമ്മദ് ഷിബിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ച ശേഷം ബലമായി ലഹരിവസ്തുക്കളും നല്‍കി. കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത പ്രതികള്‍ മര്‍ദ്ദനം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മംഗലപുരം പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

നവംബര്‍ 22: കണിയാപുരത്ത് വച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഗുണ്ടാ നേതാവായ കണിയാപുരം മസ്താന്‍ മുക്ക് സ്വദേശി ഫൈസല്‍, അനസെന്ന വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അനസിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെയാണ് അനസിനെ ഫൈസല്‍ മര്‍ദ്ദിച്ചത്. ഫൈസലിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ച എസ്ഐ തുളസീധരൻ നായരെ പിന്നീട് സസ്പെന്‍റ് ചെയ്തു.

നവംബര്‍ 21: കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. ഗൃഹനാഥനും ഭാര്യയും കുഞ്ഞും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നെഹ്റു ജംഗ്ഷൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഷിജുവിന്റെ വീടിന് നേരേയാണ് മൂന്നംഗസംഘം ബോംബെറിഞ്ഞത്. ഷിജുവിന്‍റെ ബന്ധുവീട്ടിൽ വാടകക്ക് താമസിച്ചിരുന്ന ചന്ദു എന്നയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം. മദ്യപാനം മൂലം ചന്ദുവിനെ വാടകവീട്ടിൽ നിന്നും ഒഴിപ്പിച്ചിരുന്നതിനുള്ള പകവീട്ടലായാണ് അക്രമി സംഘം ആക്രമിച്ചത്.

നവംബര്‍ 16: കഴക്കൂട്ടം ഉള്ളൂര്‍ക്കോണം കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ച് ഗുണ്ടാ സംഘം ഭീഷണപ്പെടുത്തി. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതി ഉള്ളൂര്‍ക്കോണം ഹാഷിമിന്റെ നേതൃത്വത്തലുള്ള സംഘമാണ് ആക്രമണം നടത്തിയത്. മൂന്ന് വീടുകളും മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും ഗുണ്ടാ സംഘം അടിച്ച് തകര്‍ത്തു. പ്രദേശത്തെ ഒരു കടയും അക്രമികള്‍ നശിപ്പിച്ചു.

നവംബര്‍ 11: നെടുമങ്ങാട് വലിയമലയിൽ പണയസ്വർണ്ണം തിരിച്ചെടുക്കാൻ എന്ന വ്യാജേന 5 ലക്ഷം രുപ തട്ടിയെടുത്ത ശേഷം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ജീമോനാണ് പരിക്കേറ്റത്. ഷംനാദ്, റിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 11: നെടുമങ്ങാട് വലിയമലയിൽ കോടതിയിൽ സാക്ഷി പറഞ്ഞതിന്റെ പേരിൽ വീട് കയറി ഗുണ്ടാ ആക്രമണം. വലിയമല സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന സജിത് രാജ് അറസ്റ്റിലായി.

നവംബര്‍ 1: തിരുവനന്തപുരം ഫോർട്ട് ആശുപത്രിക്ക് മുന്നിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം