തിരുവനന്തപുരം: എംബിബിസ് സീറ്റ് വർധന സംബന്ധിച്ച വിവാദ ഉത്തരവ് തിരുത്തി സർക്കാർ. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലും സീറ്റുകൾ കൂട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയത്. ആദ്യ ഉത്തരവ് വിവാദമായതിനെ തുടർന്നാണ് തിരുത്തല്‍. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നതിനാണ് സീറ്റുകൂട്ടിയത് . 10 ശതമാനം എംബിബിഎസ് സീറ്റ് കൂട്ടാനാണ് അനുമതി നൽകിയത്.

സർക്കാർ കോളേജുകൾക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏർപ്പെടുത്തിയ നടപടിയാണ് വിവാദത്തിലായത്. ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകളെ സീറ്റ് കൂട്ടുന്നതിൽ നിന്ന് ഒഴിവാക്കിയായിരുന്നു തീരുമാനം. മെഡിക്കൽ കൗൺസിലിന്‍റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കൽ കോളേജുകൾക്ക് പോലും സീറ്റ് കൂട്ടാൻ അനുമതി നൽകിയപ്പോൾ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയതിൽ വൻ വിവാദമാണ് ഉയര്‍ന്നത്. 

എട്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണം 10% കൂട്ടാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറക്കിയത്. ഇതിൽ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ലാത്ത വർക്കല എസ്ആർ കോളേജിനും ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിനും സീറ്റ് കൂട്ടാൻ അനുമതി നൽകിയിരുന്നു.

ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കൽ കോളേജുകൾ വലിയ പ്രതിഷേധമാണ് ഉന്നയിച്ചത്. 10 ശതമാനം അധികസീറ്റിന് അർഹതയുണ്ടെന്നാണ് ഈ കോളേജുകൾ അവകാശപ്പെട്ടത്. എന്നാൽ ന്യൂനപക്ഷ കോളേജുകൾക്ക് സാമ്പത്തിക സംവരണത്തിന്‍റെ പേരിലുള്ള അധിക സീറ്റുകൾക്ക് അർഹതയില്ലെന്നായിരുന്നു സർക്കാർ വാദം.